കറുകച്ചാൽ: ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജനവിധി തേടി കൂത്രപ്പള്ളി തുണ്ടിയിൽ സിബിച്ചൻ എന്ന ജിമ്മി ജോസഫ് (54). വാഴൂർ ബ്ലോക്ക് പഞ്ചായത്തിലേക്ക് കൂത്രപ്പള്ളി ഡിവിഷനിൽ നിന്നും എൽ.ഡി.എഫ്. സ്ഥാനാർഥിയാണ് മത്സരിക്കുന്നത്. ജന്മനാ കൈകാലുകൾക്ക് സ്വാധീനമില്ലാത്ത സിബിച്ചൻ തന്റെ പരിമിതികളോട് പടവെട്ടിയാണ് ജീവിക്കുന്നത്. ശാരീരിക ബുദ്ധിമുട്ടുള്ളതിനാൽ മറ്റ് ജോലികൾ ചെയ്യാനോ പോകുവാനോ സാധിക്കില്ല. വീട് നിർമ്മാണം കരാറെടുത്ത് നടത്തുന്നതാണ് വരുമാന മാർഗം. 25 വർഷത്തോളമായി കേരളാ കോൺഗ്രസ് സജീവ പ്രവർത്തകനായ സിബിച്ചൻ പാർട്ടി പിളർന്നപ്പോൾ ജോസ് വിഭാഗത്തിൽ നിലകൊണ്ടു. കഴിഞ്ഞ തവണ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങിയെങ്കിലും പാർട്ടി നിർദേശത്തെ തുടർന്ന് പിൻവാങ്ങി. സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും സഹായത്തോടെയാണ് പ്രചാരണം നടത്തുന്നത്. വർഷങ്ങളായി തന്നെ അറിയുന്ന ജനങ്ങൾ പൂർണ പിന്തുണ നൽകുമെന്ന വിശ്വാസത്തിലാണ് ഇദ്ദേഹം. യു.ഡി.എഫ് സ്ഥാനാർത്ഥിയായി സണ്ണി മാമ്പതിയും ബി.ജെ.പി. സ്ഥാനാർഥിയായി റെനീഷ് കുമാറുമാണ് മത്സരിക്കുന്നത്.