vaikam

കോട്ടയം: ഇന്ന് രാവിലെ ആറരയ്ക്ക് തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി കൊടിയേറ്റിയതോടെ വൈക്കം മഹദേവ ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ അഷ്ടമി ഉത്സവാഘോഷങ്ങൾക്ക് തുടക്കമായി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ കൊടിയേറ്റ ചടങ്ങിൽ തന്ത്രി കിഴക്കിനേഴത്ത് മേക്കാട്ടില്ലത്ത് ചെറിയ മാധവൻ നമ്പൂതിരി സഹകാർമ്മികനായിരുന്നു. ഡിസംബർ 8ന് പുലർച്ചെ 4.30നാണ് അഷ്ടമി ദശനം നടക്കുക.

ആഘോഷങ്ങളും ആർഭാടങ്ങളും ഒഴിവാക്കിയാവും ഉത്സവം നടത്തുക. വർഷങ്ങളായി നടന്നുവരുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും തനിമ വിടാതെ നടത്താനാണ് തീരുമാനം. പതിവിനു വിപരീതമായി ഒരു ആനയെ മാത്രമേ എഴുന്നള്ളിക്കുകയുള്ളു. കൊവിഡ് പശ്ചാത്തലത്തിൽ ഊട്ടുപുരമാളികയിലെ പ്രാതൽ ഒഴിവാക്കിയിട്ടുണ്ട്. ആചാരങ്ങളുടെ ഭാഗമായി നിവേദ്യപ്രാതൽ മാത്രമേ ഉണ്ടാവുകയുള്ളു. എന്നാൽ ദർശന സമയത്ത് പറ സമർപ്പിക്കാം.

അയ്യപ്പഭക്തർക്ക് ക്ഷേത്രത്തിനകത്ത് വിരിവയ്ക്കാൻ അനുവാദമില്ല. എഴുന്നള്ളിപ്പ് പോകുന്ന വീഥികളിൽ പറ സമർപ്പണം ഒഴിവാക്കിയിട്ടുണ്ട്. ഉത്സവദിവസങ്ങളിൽ കിഴക്കേ നടയിൽകൂടി മാത്രമേ ക്ഷേത്രത്തിലേക്ക് പ്രവേശനമുള്ളൂ. എന്നാൽ വൈക്കത്തഷ്ടമി ദിവസം ഉദയനാപുരത്തപ്പന്റെ എഴുന്നള്ളിപ്പ് കടന്നുവരുന്നതിന് വടക്കേ ഗോപുര നട തുറക്കും. ഈ സമയത്ത് കിഴക്കേ ഗോപുര നട അടയ്ക്കും. ഒന്നാം ഉത്സവ ദിവസം മുതൽ ഏഴാം ഉത്സവദിവസം വരെ വിവിധ സമുദായ സംഘടനകളുടെ നേതൃത്വത്തിൽ നടത്തിവന്നിരുന്ന താലപ്പൊലികളും ഉണ്ടാവില്ല. ഋഷഭവാഹനം ആചാരപൂർവം മുളന്തണ്ടിൽ എഴുന്നള്ളിക്കും. അഞ്ച്, ആറ്, എട്ട്, പതിനൊന്ന് ഉത്സവ ദിവസങ്ങളിലെ ഉത്സവബലി ദർശനവും ആചാരപൂർവം നടക്കും.