കോട്ടയം : തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചരണം പൂർത്തിയാകുമ്പോൾ മുന്നണികൾ ഒപ്പത്തിനൊപ്പം. അട്ടിമറി ഭീഷണിയുയർത്തി ചില വാർഡുകളിൽ ഇരുമുന്നണികൾക്കും വിമതശല്യവുമുണ്ട്. എൻ.ഡി.എയ്‌ക്ക് നേരിട്ട് വിമത ഭീഷണിയില്ലെങ്കിലും ബി.ജെ.പിയ്‌ക്കുള്ളിലെ പ്രശ്നങ്ങൾ പലയിടത്തും ഇവർക്കും ഭീഷണി ഉയർത്തുന്നുണ്ട്.

ആദ്യഘട്ടം പിന്നിട്ട് യു.ഡി.എഫ്

കേരള കോൺഗ്രസ് (എം) മുന്നണി വിട്ടത് യു.ഡി.എഫിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. യു.ഡി.എഫ് നേതാക്കൾക്ക് അർഹിക്കുന്ന പരിഗണന നൽകാൻ സാധിച്ചതിനാൽ ഇത്തവണ തർക്കം പരമാവധി ഒഴിവായി. 32 സീറ്റ് വരെ ഇക്കുറി സ്വന്തമാക്കാൻ സാധിക്കുമെന്നുമാണ് പ്രതീക്ഷ. സാഹചര്യങ്ങൾ എല്ലാം അനൂകൂലമായിട്ടും നാലു സീറ്റുകളിൽ റിബൽ സ്ഥാനാർത്ഥിയുണ്ട്. 24 -ാം വാർഡിൽ ഐ.എൻ.ടി.യു.സി നേതാവും വാർഡ് കമ്മിറ്റി സെക്രട്ടറിയുമായിരുന്ന മുഹമ്മദ് ബഷീറാണ് റിബൽ. ഇത് കൂടാതെ 52, 11, 50 വാർഡുകളിലും റിബൽ ശല്യമുണ്ട്. 48 സീറ്റിൽ കോൺഗ്രസും മൂന്നിടത്ത് മുസ്ലിംലീഗും, ഒരിടത്ത് കേരള കോൺഗ്രസ് ജോസഫ് വിഭാഗവും മത്സരിക്കുന്നു.

ഭരണ നേട്ടവുമായി എൽ.ഡി.എഫ്

സംസ്ഥാന സർക്കാരിന്റെ ഭരണനേട്ടങ്ങളും സാധാരണക്കാർക്ക് നൽകിയ ആനുകൂല്യങ്ങളുമാണ് ഇടതു മുന്നണിയുടെ പ്രധാന പ്രചരണ ആയുധം. കൊവിഡ് പ്രതിരോധവും, റേഷൻ കടകൾ വഴി വീടുകളിൽ കിറ്റ് എത്തിച്ചതും, പെൻഷൻ വിതരണവും എല്ലാം വോട്ടായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് കൂടാതെ യുവത്വവും മികവും പ്രകടിപ്പിക്കുന്ന സ്ഥാനാർത്ഥികളെ രംഗത്തിറക്കാൻ കഴിഞ്ഞതും ആദ്യ ഘട്ടത്തിൽ ഏറെ മുന്നിലെത്താൻ സഹായിച്ചതായി ഇടതുമുന്നണി കണക്ക് കൂട്ടുന്നു. കേരള കോൺഗ്രസ് കൂടി മുന്നണിയുടെ ഭാഗമായതോടെ നഗരസഭ ഭരണം ഇക്കുറി സ്വന്തമാക്കാൻ സാധിക്കുമെന്നാണ് കണക്ക് കൂട്ടൽ. എന്നാൽ മുന്നണിയ്‌ക്കുള്ളിലെ പ്രശ്നങ്ങൾ സി.പി.എമ്മിന് തലവേദനയാകുന്നുണ്ട്. വിജയം ഉറപ്പായ 46 -ാം വാർഡിൽ നിന്ന് മുതിർന്ന നേതാവായ സത്യനേശനെ കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റായ 24 ൽ മത്സരിപ്പിക്കാൻ എത്തിച്ചത് വിഭാഗീയതയെ തുടർന്നാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. 33 സീറ്റിൽ സി.പി.എം, ഏഴിടത്ത് കേരള കോൺഗ്രസും, എട്ടിടത്ത് സി.പി.ഐയും മത്സരിക്കുന്നു. ബാക്കി നാലു സീറ്റുകൾ ഘടകകക്ഷികൾക്കാണ്.

രണ്ടക്കം കടക്കാൻ എൻ.ഡി.എ

കഴിഞ്ഞ തവണ കോട്ടയം നഗരസഭയിൽ ആറു സീറ്റിലാണ് എൻ.ഡി.എ സഖ്യം വിജയിച്ചത്. അഞ്ചിടത്ത് ബി.ജെ.പിയും ഒരിടത്ത് ബി.ഡി.ജെ.എസുമാണ് വിജയിച്ചത്. എന്നാൽ, ഇക്കുറി ഇത് ഇരട്ടിയാക്കി മാറ്റുകയാണ് ലക്ഷ്യം. നരേന്ദ്രമോദി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് വോട്ട് തേടുന്നത്. കോട്ടയം നഗരസഭയിലെ അഴിമതിയും, വികസന മുരടിപ്പും, ഇടതുമുന്നണി സർക്കാരിന്റെ അഴിമതിയുമാണ് കോട്ടയം നഗരസഭയിലും ബി.ജെ.പി പ്രചരണ ആയുധമാക്കിയിരിക്കുന്നത്. 41 സീറ്റുകളിൽ ബി.ജെ.പിയും ഏഴിടത്ത് ബി.ഡി.ജെ.എസുമാണ് മത്സരിക്കുന്നത്. നാല് സീറ്റിൽ എൻ.ഡി.എ സഖ്യത്തിന് സ്ഥാനാർത്ഥികൾ ഇല്ല.