കോട്ടയം: കേന്ദ്ര നയങ്ങൾക്കെതിരെ തൊഴിലാളി ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് ജില്ലയിൽ പൂർണം. തിരഞ്ഞെടുപ്പായതിനാൽ അക്രമ സംഭവങ്ങളടക്കം മറ്റ് ഒരനിഷ്ട സംഭവവുമുണ്ടായില്ല. കെ.എസ്.ആർ.ടി.സി ബസുകൾ പമ്പയിലേക്കു മാത്രമാണ് സർവീസ് നടത്തിയത്. ടാക്‌സി, ഓട്ടോറിക്ഷ സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ല. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങിയെങ്കിലും ഗതാഗതം തീരെ കുറവായിരുന്നു.
മെഡിക്കൽ സ്റ്റോറുകൾ ഒഴികെ മറ്റ് കടകൾ കാര്യമായി പ്രവർത്തിച്ചില്ല. അദ്ധ്യാപകരും സർക്കാർ ജീവനക്കാരും പണിമുടക്കിന്റെ ഭാഗമായി. കൊവിഡ്, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ജീവനക്കാർ ബാഡ്ജ് ധരിച്ച് ഓഫീസുകളിൽ ജോലിക്കെത്തി. തൊഴിലാളികൾ പഞ്ചായത്ത് നഗരസഭാ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി.
തിരുനക്കരയിൽ ചേർന്ന യോഗം സി.ഐ.ടി.യു അഖിലേന്ത്യാ ജനറൽ കൗൺസിൽ അംഗം വി എൻ വാസവൻ ഉദ്ഘാടനംചെയ്തു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ഫിലിപ് ജോസഫ് അദ്ധ്യക്ഷനായി. സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരൻ, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എ.വി റസൽ, പ്രസിഡന്റ് ടി. ആർ. രഘുനാഥ്, സി.പി.എം ഏരിയ സെക്രട്ടറി ബി ശശികുമാർ, അഡ്വ. വി ബി ബിനു, രാജീവ് നെല്ലിക്കുന്നേൽ, അനിയൻ മാത്യു, അസീസ് കുമാരനല്ലൂർ തുടങ്ങിയവർ സംസാരിച്ചു.
ടൂറിസം നിശ്ചലം
കുമരകം ഉൾപ്പെടെ കൊവിഡ് പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ടൂറിസം മേഖലയ്ക്ക് പണിമുടക്ക് തിരിച്ചടിയായി. പല മുൻകൂർ ബുക്കിംഗുകളും പണിമുടക്ക് കാരണം റദ്ദ് ചെയ്തു. ജലഗതാഗത വകുപ്പിന്റെ ബോട്ടുകളും സർവീസ് നടത്തിയില്ല. കളക്ടറേറ്റിലും 99 ശതമാനം ജീവനക്കാരും ഹാജരായില്ല.
ഉഷാറായി വോട്ടുപിടിത്തം
തദ്ദേശ തിരഞ്ഞെടുപ്പ് പ്രക്രിയകളെ പണിമുടക്ക് ബാധിച്ചില്ല. കുടുംബാംഗങ്ങളെല്ലാം വീട്ടിലുണ്ടായിരുന്നതിനാൽ സ്ഥാനാർത്ഥികൾ പ്രചാരണരംഗത്ത് സജീവമായി. വീടുകയറിയുള്ള പ്രചാരണം കൊഴിപ്പിച്ച ദിവസം കൂടിയാണ് ഇന്നലെ.