കോട്ടയം : ശബരിമല തീർത്ഥാടകർക്ക് അടിസ്ഥാന സൗകര്യമൊരുക്കാൻ സർക്കാരും ദേവസ്വം ബോർഡും സംവിധാനമൊരുക്കണമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ആന്ധ്രയിൽ നിന്നെത്തിയ അയ്യപ്പഭക്തർക്ക് കോട്ടയം റെയിൽവേ സ്റ്റേഷനിൽ വിശ്രമിക്കുവാനോ, താമസിക്കുവാനോ സൗകര്യമില്ലാതെ ദുരിതത്തിലായ സംഭവം വേദനാജനകമാണ്. ഈ സ്ഥിതി സംസ്ഥാനത്തെ പലയിടങ്ങളിലും ആവർത്തിക്കുന്നു. തിരുനക്കര ക്ഷേത്ര മൈതാനവും, ദേവസ്വം ബോർഡ് ക്ഷേത്രങ്ങളുടെ മറ്റു മൈതാനങ്ങളും, ഓഡിറ്റോറിയങ്ങളും അയ്യപ്പഭക്തർക്ക് വിശ്രമിക്കാനും, വിരിവയ്ക്കാനും തുറന്നുകൊടുക്കണം. ഈ ആവശ്യമുന്നയിച്ച് ദേവസ്വം ബോർഡ് അധികൃതർക്ക് കത്ത് നൽകുമെന്നും അദ്ദേഹം പറഞ്ഞു.