അടിമാലി: ഒരു കാലത്ത് ഹൈറേഞ്ചിലെ കർഷകരുടെ പ്രധാനവരുമാനമാർഗ്ഗങ്ങളിൽ ഒന്നായിരുന്ന കമുക് കൃഷി ഇന്ന് പാടെ ഇല്ലാതായ അവസ്ഥയിലാണ്.രോഗബാധയും വിലയിടിവുമായിരുന്നു കർഷകരെ കമുക് കൃഷിയിൽ നിന്നും പിൻതിരിപ്പിക്കാനുള്ള പ്രധാനകാരണങ്ങൾ.അടക്കയായും കൊട്ടടക്കയായും ചമ്പനായുമെല്ലം കർഷകർ ഉത്പന്നം വിപണിയിലെത്തിച്ച് വിൽപ്പന നടത്തി വരുമാനം കണ്ടെത്തിയിരുന്നു.എന്നാൽ പതിയെ പതിയെ രോഗ ബാധ കീഴടക്കിയതോടെ കമുക് കൃഷിയുടെ നാശം ആരംഭിച്ചു.തോട്ടങ്ങളിൽ നിന്നും തോട്ടങ്ങളിലേക്ക് രോഗബാധ പടർന്നതോടെ ഹൈറേഞ്ച് മേഖലയിൽ കമുക് കൃഷി അന്യം നിൽക്കാൻ തുടങ്ങുകയായിരുന്നു.രോഗബാധക്കൊപ്പം വിലയിടിവു കൂടിയായതോടെ കർഷകർ പൂർണ്ണമായി കമുക് കൃഷിയെ കൈയ്യൊഴിഞ്ഞു.കൃഷി പാടെ പടിയിറങ്ങിയ സാഹചര്യത്തിൽ പുതിയതായി കമുക് കൃഷി ചെയ്യുവാൻ താൽപര്യമുള്ള കർഷകർക്ക് പ്രോത്സാഹനം നൽകാൻ ഇടപെടൽ വേണമെന്നാണ് ഇപ്പോഴുയരുന്ന ആവശ്യം.കമുക് കൃഷിയിൽ നിന്നുള്ള വരുമാനത്തിനപ്പുറം ഈ മേഖലയുമായി ബന്ധപ്പെട്ട് തൊഴിലെടുത്തിരുന്ന നിരവധിയാളുകൾ മറ്റ് തൊഴിലുകളിലേക്ക് തിരിഞ്ഞിന്ന് കുടുംബം പുലർത്തുന്നു.അടക്കാ പറിക്കാനും തുരിശടിക്കാനുമൊക്കെയായി ധാരാളം ആളുകൾ ഈ മേഖലയിൽ തൊഴിൽ എടുത്തിരുന്നു.എന്നാൽ ചില കർഷകർ വീണ്ടും കമുക് കൃഷി തിരികെ കൊണ്ടുവരാൻ പരിശ്രമമാരംഭിച്ചിട്ടുണ്ട്.തങ്ങൾക്ക് കൃഷിവകുപ്പിന്റെ ഭാഗത്തു നിന്നുൾപ്പെടെ പിന്തുണ നൽകണമെന്നാണ് ഈ കർഷകർ മുമ്പോട്ട് വയ്ക്കുന്ന ആവശ്യം.