കട്ടപ്പന: പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിക്കുന്ന പൊലീസ് കാന്റീനുകളിൽ നിന്നു പൊതുജനങ്ങൾക്ക് വിലക്ക്. ജില്ലയിലെ പൊലീസ് കാന്റീനുകളുടെ സേവനം പൊലീസ് ഉദ്യോഗസ്ഥർക്കു മാത്രമായി ചുരുക്കി ജില്ലാ പൊലീസ് മേധാവിയുടെ വിവാദ ഉത്തരവ് പുറത്തിറങ്ങി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ പൊതുജനങ്ങൾക്ക് കാന്റീനുകളിൽ നിന്നു ഭക്ഷണം ലഭിക്കില്ല. കൊവിഡ് അൺലോക്കിനു ശേഷം കാന്റീനുകൾ ലാഭത്തിൽ പ്രവർത്തിച്ചുമ്പോഴാണ് പുതിയ ഉത്തരവ് വിലങ്ങുതടിയാകുന്നത്. കൂടാതെ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാനുള്ള സാഹചര്യവും അജ്ഞാതമാണ്.
ജില്ലയിലെ പ്രധാന സ്റ്റേഷനുകളായ തൊടുപുഴ, കട്ടപ്പന, മൂന്നാർ, അടിമാലി, പീരുമേട്, നെടുങ്കണ്ടം എന്നിവിടങ്ങളിലാണ് ജനമൈത്രി പൊലീസ് കാന്റീനുകൾ പ്രവർത്തിച്ചുവരുന്നത്. ഇവിടങ്ങളിലെല്ലാം സേവനം പൊലീസ് ഉദ്യോഗസ്ഥർക്ക് മാത്രമായി ചുരുക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സിലേക്ക് റിപ്പോർട്ട് ചെയ്തതായും ഇന്നലെ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. കൂടാതെ ഉത്തരവ് നടപ്പാക്കാൻ അതാതു സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും നിർദേശമുണ്ട്.
സേനയ്ക്കുള്ളിൽ അമർഷം
യാതൊരു കാരണവുമില്ലാതെ പൊതുജനങ്ങളെ കാന്റീനിൽ പ്രവേശിപ്പിക്കുന്നത് വിലക്കിയുള്ള പുതിയ ഉത്തരവ് പൊലീസ് സേനയ്ക്കുള്ളിലും അമർഷത്തിനിടയാക്കി. കട്ടപ്പനയിലെ അടക്കം പൊലീസ് കാന്റീനുകൾക്ക് വലിയ സ്വീകാര്യതയാണ് ജനങ്ങൾക്കിടയിലുള്ളത്. ഹോട്ടലുകളിൽ ഭക്ഷണ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിർത്താൻ കാന്റീനുകളുടെ മെച്ചപ്പെട്ട സേവനത്തിലൂടെ കഴിഞ്ഞിരുന്നു. കുറഞ്ഞ ചെലവിൽ ഗുണനിലവാരമുള്ള ഭക്ഷണം കഴിക്കാവുന്ന സ്ഥാപനം എന്ന നിലയിലും ഹൈറേഞ്ചിലെ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ ദിവസവും ആശ്രയിച്ചുവരുന്നു. ജില്ലാ പൊലീസ് കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്നു വായ്പയെടുത്താണ് ഏതാനും വർഷങ്ങൾക്കിടയിൽ ഭൂരിഭാഗം കാന്റീനുകളുൾ മോടിപിടിച്ചത്. 2018ൽ 39 ലക്ഷം രൂപ വായ്പയെടുത്താണ് കട്ടപ്പനയിലെ കാന്റീൻ പുതുക്കിപ്പണിത് പ്രവർത്തനമാരംഭിച്ചത്. കാന്റീനിൽ നിന്നു ലഭിച്ച വരുമാനത്തിൽ നിന്നു മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്കു ഒരു ലക്ഷത്തിലധികം രൂപയും സംഭാവനയായി നൽകിയിരുന്നു. കൂടാതെ റോട്ടറി ക്ലബ്ബുമായി ചേർന്ന് നടപ്പാക്കിയ വിശപ്പുരഹിത കട്ടപ്പന പദ്ധതിയുടെ ഭാഗമായി പാവപ്പെട്ടവർക്ക് സൗജന്യമായി ഭക്ഷണവും ഇവിടെ നിന്നു നൽകിവരുന്നു. ഇതോടൊപ്പം അനാഥാലയങ്ങൾക്ക് സാമ്പത്തിക സഹായം ഉൾപ്പെടെ നൽകുന്നുണ്ട്. ഇതിനുശേഷം ലഭിക്കുന്ന ലാഭത്തിൽ നിന്നാണ് വായ്പ തിരിച്ചടയ്ക്കുന്നത്. നിലവിൽ 20 ലക്ഷത്തോളം രൂപ ഇനിയും സൊസൈറ്റിയിൽ അടയ്ക്കാനുണ്ട്.
ഇന്നലെയും ആശ്രയം
പൊതുപണിമുടക്ക് ദിനത്തിൽ ടൗണുകളിൽ കുടുങ്ങിയവർക്ക് ആശ്രയമായത് പൊലീസ് കാന്റീനുകളായിരുന്നു. ലോഡ്ജുകളിലും മറ്റുമായി തങ്ങിയവർക്ക് മൂന്നുനേരവും മുടങ്ങാതെ ഭക്ഷണം ലഭ്യമായിരുന്നു.