കറുകച്ചാൽ: ബൈക്ക്കുരിശടിയിലേക്ക് ഇടിച്ചുകയറി യുവാവിന് പരിക്ക്. മൈലാടിയിൽ താമസക്കാരനായ തിരുവനന്തപുരം സ്വദേശി ബൈജു (34)നാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് മൂന്നരയ്ക്ക് കറുകച്ചാൽ മല്ലപ്പള്ളി റോഡിൽ പനയമ്പാല സെന്റ് സെബാസ്റ്റ്യൻസ് പള്ളിയ്ക്ക് മുൻപിലായിരുന്നു അപകടം. കറുകച്ചാലിൽ നിന്നും മല്ലപ്പള്ളി ഭാഗത്തേക്ക് പോകുമ്പോൾ ബൈജു സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് പള്ളിയുടെ കുരിശടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈജു റോഡിലേക്ക് തെറിച്ചുവീണു. ബൈജുവിനെ നാട്ടുകാരും പൊലീസും ചേർന്ന് കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.