kachavadam

ചങ്ങനാശേരി: നഗരത്തിലുടനീളം അനധികൃതപാർക്കിംഗ് ദിനംപ്രതി വർദ്ധിക്കുന്നു. നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നതിന് തൊട്ടുതാഴെയും പാർക്കിംഗ് തടസമില്ലാതെ നടക്കുകയാണ്. സെൻട്രൽ ജംഗ്ഷൻ മുതൽ നഗരത്തിലെ ചെറുഇടവഴികളിൽ പോലുമുള്ള അനധികൃതപാർക്കിംഗ് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു. നടപ്പാതകളിലെ കച്ചവടവും പാർക്കിംഗിലേക്ക് വഴിയൊരുക്കുകയാണ്. നടപ്പാതകളിൽ വാഹനങ്ങൾ ഇടംപിടിച്ചതോടെ കാൽനടയാത്രക്കാർ റോഡിലേക്കിറങ്ങി നടക്കേണ്ട സ്ഥിതിയാണ്. ചീറിപ്പാഞ്ഞു പോകുന്ന വാഹനങ്ങളുടെ ഇടയിലൂടെ ജീവൻ പണയംവെച്ചാണ് ഓരോ യാത്രക്കാരനും കടന്നുപോകുന്നത്. അനധികൃത പാർക്കിംഗ് ഒഴിവാക്കിയാൽ ഗതാഗതക്കുരുക്ക് പരിഹരിക്കാനാകും. പാർക്കിംഗ് തടഞ്ഞ് നടപ്പാത കാൽനടയാത്രക്കാർക്ക് വിട്ടുകൊടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

നടപ്പാതകളിൽ തട്ടുകടകൾ

വൈകുന്നേരങ്ങളിൽ അനധികൃതകച്ചവടക്കാരും തട്ടുകടക്കാരും നടപ്പാത കൈയ്യേറും. കച്ചവടക്കാർ സാധനങ്ങൾ നടപ്പാതയിലേക്ക് ഇറക്കിവെച്ചാണ് കച്ചവടം നടത്തുന്നത്. തട്ടുകടകളിലെ ഓയിലും കരിയുമെല്ലാം ഇന്റർലോക്ക് ചെയ്ത നടപ്പാതകളിൽ കാണാൻ സാധിക്കും. റോഡിനു ഇരുവശത്തെ പാർക്കിംഗ് കൂടാതെയാണ് നടപ്പാതകളിൽ ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നത്. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന നോപാർക്കിംഗ് എന്ന മുന്നറിയിപ്പു ബോർഡിനെയും അവഗണിച്ചാണ് പലയിടത്തും ഇരുചക്രവാഹനങ്ങൾ വച്ചിരിക്കുന്നത്. രാത്രികാലങ്ങളിൽ റോഡുകളിലെ അനധികൃത പാർക്കിംഗ് അപകടക്കെണിയും ഒരുക്കുന്നു. ചങ്ങനാശേരി-കവിയൂർ റോഡിന്റെ ആരംഭത്തിൽ പെരുന്ന ഗവൺമെന്റ് എൽ.പി സ്‌കൂളിനു സമീപം സ്വകാര്യ ബസ് പാർക്ക് ചെയ്യുന്നത് പകലും രാത്രിയും ഗതാഗതക്കുരുക്കിന് പുറമെ അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. പെരുന്ന രാജേശ്വരി ജംഗ്ഷനിലെ തട്ടുകടകൾക്കു മുമ്പിലെ വാഹനങ്ങളുടെ പാർക്കിംഗ് അപകട സാദ്ധ്യത സൃഷ്ടിക്കുന്നുണ്ടെങ്കിലും പൊലീസും മറ്റ് ബന്ധപ്പെട്ട അധികാരികളും നടപടി സ്വീകരിച്ചിട്ടില്ല. എസ്.ബി കോളജിനടുത്തുള്ള മുനിസിപ്പൽ പാർക്കിനു മുൻവശത്ത് റോഡ് കയ്യേറി വഴിവാണിഭം വർദ്ധിച്ചെന്ന പരാതിയും ഉയരുന്നുണ്ട്. ടി.ബി റോഡിലും ലോറികളുടെ പാർക്കിംഗ് ദുരിതം സൃഷ്ടിക്കുന്നുണ്ട്. മോസ്‌കോ-വെങ്കോട്ട റോഡിൽ എൻ.ഇ.എസ് ബ്ലോക്ക് ജംഗ്ഷനും വക്കീൽപ്പടിക്കും ഇടയിൽ ലോറികൾ പാർക്ക് ചെയ്യുന്നത് അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്.