paddy

കോട്ടയം: തൃക്കോതമംഗലം ഊട്ടുപുര പാടശേഖരത്തിലെ കർഷകർ വിഷമത്തിലാണ്. പാടം ഒരുക്കി വിത്തെറിഞ്ഞെങ്കിലും ഒരു നെൽമണി പോലും കിളിർത്തില്ല. ഇതോടെ കർഷകർക്ക് നേരിട്ടത് ലക്ഷങ്ങളുടെ നഷ്ടം. എന്നാൽ കൃഷിയിൽ നിന്നും പിന്തിരിയാൻ കർഷകർ തയാറല്ല. അവർ പാലക്കാട്ടേക്ക് കുതിച്ചു. അവിടെനിന്ന് നെൽവിത്ത് വാങ്ങി തിരികെയെത്തി. ഇന്നും നാളെയുമായി അവർ അത് പാടത്ത് വിതറും.

കൃഷിഭവൻ വഴി സർക്കാർ നല്കിയ നെൽവിത്താണ് കിളിർക്കാതായത്. പണിക്കൂലിയിനത്തിലും വിത്തിനത്തിലും ചെലവ് അധികമാണെങ്കിലും വിളവെടുത്തേ പിന്മാറൂ എന്ന വാശിയിലാണ് കർഷകർ. ഇവിടങ്ങളിലെ 18 പാടത്തെ കർഷകരെയാണ് വിത്ത് ചതിച്ചത്.

വിത്ത് കിളിർത്ത് വരുന്നകാലം കിളികളെ ഓടിക്കാൻ കൂലിക്ക് ആളെ നിർത്തിയിരുന്നു. വീണ്ടും വിത്ത് വിതയ്ക്കുമ്പോൾ പണിക്കൂലിക്ക് പുറമെ കിളിശല്യം ഒഴിവാക്കാനും അധികച്ചെലവ് ഉണ്ടാകുമെന്ന് കർഷകർ പറയുന്നു.