earth

കോട്ടയം​:​ ജില്ലയുടെ സൗന്ദര്യം കാത്തു സൂക്ഷിക്കാൻ പച്ചത്തുരുത്തുകൾ വരവായി. ഇതിനോടകം ജില്ലയിൽ 130 തുരുത്തുരുത്തുകളാണ് പച്ചപ്പണിഞ്ഞത്. അര സെന്റ് മുതൽ അഞ്ചു സെന്റ് സ്ഥലം വരെയാണ് ഇതിനായി ഒരുക്കിയത്. വർഷങ്ങളായി മാലിന്യവും, കാട് നിറഞ്ഞ് കിടക്കുന്നതുമായ സ്ഥലങ്ങളുമാണ് പച്ചത്തുരുത്തായി മാറിയത്.

ഹരിത കേരളം മിഷൻ, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ നേതൃത്വത്തിലാണ് പൊന്തക്കാടുകൾ പച്ചത്തുരുത്തുകളായി മാറിയത്. ഒട്ടുമിക്ക പഞ്ചായത്തുകളിലും നഗരസഭകളിലും ബ്ളോക്കുകളിലും പച്ചത്തുരുത്തുകളുടെ ആദ്യഘട്ട നിർമ്മാണം പൂർത്തിയായി. പ്രകൃതിയെ അറിഞ്ഞും ജൈവ വൈവിദ്ധ്യത്തിന്റെ മനോഹാരിത കണ്ടും പഠനം നടത്താൻ വിദ്യാർത്ഥികൾ ഉൾപ്പെടെ ഉള്ളവർക്ക് അവസരം ഒരുക്കുകയെന്നതാണ് പച്ചത്തുരുത്തുകൾ കൊണ്ട് ലക്ഷ്യമിടുന്നത്.

വഴിയോരങ്ങളിൽ നിർമ്മിച്ചിട്ടുള്ള പച്ചത്തുരുത്തുകളിൽ വൈകുന്നേരങ്ങളിൽ കൂടുതൽ ആളുകൾ എത്തിത്തുടങ്ങിയിട്ടുണ്ട്. മിക്കയിടങ്ങളിലും ഇരിപ്പിടങ്ങളും സജ്ജമാക്കിക്കഴിഞ്ഞു. ഇളംകാറ്റിൽ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ കഴിയുംവിധമാണ് ഒട്ടുമിക്ക പച്ചത്തുരുത്തുകളും.

ദശപുഷ്പ ഉദ്യാനം, ശലഭോദ്യാനം, ഔഷധ സസ്യ ഉദ്യാനം, ഫലവ്യക്ഷങ്ങൾ, അലങ്കാര ചെടികൾ, തണൽ മരങ്ങൾ നിറഞ്ഞതാണ് തുരുത്തുകൾ. മുള കൊണ്ടുള്ള ഇരിപ്പിടങ്ങളും പച്ചത്തുരുത്തുകളിൽ സ്ഥാനം പിടിച്ചുകഴിഞ്ഞു. പഞ്ചായത്തുകളിലെ തൊഴിലുറപ്പ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് പച്ചത്തുരുത്തുകളുടെ തുടർ നവീകരണവും പരിപാലനവും നടക്കുക.

75 പച്ചത്തുരുത്തുകൾ നിർമ്മിക്കാനായിരുന്നു പദ്ധതിയെങ്കിലും ഇതിനോടകം 130 പച്ചത്തുരുത്തുകൾ നിർമ്മിച്ചു കഴിഞ്ഞു. ഉദയനാപുരം, കുമരകം എന്നിവിടങ്ങളിൽ സമ്പൂർണ്ണ കണ്ടൽക്കാടുകളുടെ പച്ചത്തുരുത്തും നിർമ്മിച്ചുകഴിഞ്ഞു. ആദ്യഘട്ടമെന്ന നിലയിൽ പഞ്ചായത്തുകളിൽ ഒന്ന് എന്ന കണക്കിലാണ് തുരുത്ത് നിർമ്മിച്ചിരിക്കുന്നത്. പുതുതായി ഒന്നിലേറെ പച്ചത്തുരുത്തുകൾ ഓരോ വാർഡുകളിൽ നിർമ്മിക്കാനാണ് പദ്ധതി.

സ്കൂളുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, വഴിയോരങ്ങൾ, ഹെൽത്ത് സെന്ററുകൾ, പൊലീസ് സ്റ്റേഷൻ, ഐ ടി ഐ കോളേജ് കാമ്പസുകൾ, ഗവൺമെന്റ് ആശുപത്രികൾ എന്നിവിടങ്ങളിലാണ് പച്ചത്തുരുത്തുകൾ നിർമ്മിച്ചിരിക്കുന്നത്. ഇതിൽ കൂടുതലും സ്കൂളുകളിലാണ് നിർമ്മിച്ചിരിക്കുന്നത്.