കോട്ടയം : ഈരയിൽക്കടവിലെ റോഡിലുണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തിൽ മോട്ടോർവാഹന വകുപ്പ് നൽകിയ റിപ്പോർട്ടിന്മേലുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചു. കഴിഞ്ഞ ആഴ്‌ചയിൽ തുടർച്ചയായി രണ്ടു ദിവസങ്ങളിലായുണ്ടായ അപകടങ്ങളിൽ രണ്ടു യുവാക്കൾ മരിച്ചിരുന്നു.
അപകടത്തിന്റെ കാരണങ്ങൾ കണ്ടെത്തുന്നതിനായാണ് മോട്ടോർവാഹന വകുപ്പ് സംഘം പഠനം നടത്തിയത്. തുടർന്ന് കളക്ടർക്ക് റിപ്പോർട്ട് കമൈറി. റോഡിന്റെ ഇരുവശങ്ങളിലും ഒരാൾ പൊക്കത്തിൽ കാട് വളർന്നു നിൽക്കുന്നത് ഡ്രൈവർമാരുടെ കാഴ്‌ച മറച്ചിരുന്നു. ഇത് അപകടത്തിന് പ്രധാന കാരണമായിരുന്നു. റോഡിന്റെ ചുമതലയുണ്ടായിരുന്ന പൊതുമരാമത്ത് ബ്രിഡ‌്ജസ് വിഭാഗത്തിന് കളക്ടർ റിപ്പോർട്ട് കൈമാറുകയും, ഇന്നലെ കാട് തെളിക്കുകയുമായിരുന്നു.
ഇനി ചെയ്യേണ്ട കാര്യങ്ങൾ
ഈരയിൽക്കടവ് റോഡിൽ വെളിച്ചം എത്തിക്കണം
അമിത വേഗം കുറയ്‌ക്കാൻ ഡിവൈഡറുകൾ സ്ഥാപിക്കണം
കൃത്യമായ ഇടവേളകളിൽ പരിശോധന ശക്തമാക്കണം