kodiyettu

വൈക് കം: ചരിത്രത്തിലാദ്യമായി ആളും ആരവവുമില്ലാതെ ശ്രീമഹാദേവന് കൊടിയേറ്റ്. മഹാമാരിയുടെ നിയന്ത്രണങ്ങൾക്കിടയിലും ഭക്തിലഹരിയിലാറാടി ക്ഷേത്രനഗരി. പ്രസിദ്ധമായ വൈക്കത്തഷ്ടമിക്ക് തന്ത്റിമാരായ ഭദ്റകാളി മ​റ്റപ്പള്ളി നാരായണൻ നമ്പൂതിരി , കിഴക്കിനേടത്ത് മേക്കാട്ട് മാധവൻ നമ്പൂതിരി ,മേക്കാട്ട് ചെറിയ നാരയണൻ നമ്പൂതിരി എന്നിവരുടെ സാന്നിദ്ധ്യത്തിൽ തന്ത്റി മ​റ്റപ്പള്ളി ചെറിയ പരമേശ്വരൻ നമ്പൂതിരിയാണ് കൊടിയേറ്റിയത്. വൈക്കം മഹാദേവക്ഷേത്രത്തിലെ തന്ത്രം കിഴക്കിനിയേടത്ത് മേക്കാട്ട്, ഭദ്രകാളി മറ്റപ്പള്ളി എന്നീ രണ്ട് ഇല്ലങ്ങൾക്കാണ്. ആചാര പ്രകാരം ഭദ്രകാളി മറ്റപ്പളി നമ്പൂതിരിയാണ് കൊടിയേറ്റുന്നതെങ്കിൽ കൊടിമരത്തിന്റെ വടക്കുഭാഗത്തും മേക്കാട്ട് നമ്പൂതിരിയാണെങ്കിൽ തെക്കുവശത്തുമാണ് കൊടി ഉയർത്തുക. ഇക്കുറി ദക്ഷിണാമൂർത്തിയുടെ സ്വർണ്ണധ്വജത്തിന്റെ ഉത്തരദിക്കിലാണ് കൊടിക്കൂറ ഉയർന്നത്.

സ്വർണക്കുടകളും, മുത്തുകുടകളും ഗജവീരനും വാദ്യമേളങ്ങളും അകമ്പടിയായി. മേൽശാന്തിമാരായ ടി.ഡി നാരയണൻ നമ്പൂതിരി , അനുപ് നമ്പൂതിരി ,ടി.എസ് നാരായണൻ നമ്പൂതിരി ,ശ്രീധരൻ നമ്പൂതിരി , ശ്രീരാഗ് നാമ്പൂതിരി , ജിഷ്ണു നമ്പൂതിരി കീഴ്ശാന്തിമാരായ ഏറാഞ്ചേരി ദേവൻ നമ്പൂതിരി, മേലേടം രാമൻ നമ്പൂതിരി , ആഴാട് നാരായണൻ നമ്പൂതിരി ,കൊളായി അർജുൻ, കൊളായി നാരായണൻ നമ്പുതിരി എന്നിവർ സഹകാർമ്മികരായി.
രാവിലെ 3.30 ന് നടതുറന്ന് വിശേഷാൽ പൂജകൾക്ക് ശേഷമാണ് കൊടിയേ​റ്റ് ചടങ്ങ് ആരംഭിച്ചത്.വിശേഷാൽ പൂജകൾക്ക് ശേഷം ദേവചൈതന്യം ആവാഹി ച്ച കൊടിക്കൂറ കൊടിമരച്ചുവട്ടിലേക്ക് എഴുന്നള്ളിച്ചു. ഭഗവന്റെ സ്വർണ്ണ ധ്വജത്തിലേക്ക് ദേവചൈതന്യം പകരുന്ന ചടങ്ങുകൾക്കും ശേഷം 07 നാണ് കൊടികയറിയത്‌

കൊടിയേറ്റിനെ തുടർന്ന് ക്ഷേത്രത്തിലെ കെടാവിളക്കിൽ ദീപം തെളിഞ്ഞു. വൈക്കത്തഷ്ടമി ഉൽസവ വേളയിൽ തെളിയിക്കുന്ന ദീപമാണ് കെടാവിളക്ക്. കൊടിയേ​റ്റ് നാൾ മുതൽ ആറാട്ട് വരെ കൊടിമര ചുവട്ടിൽ ഈ ദീപം അണയാതെ സൂക്ഷിക്കും, ദേവസ്വം കമ്മിഷണർ ബി.എസ് തിരുമേനി കെടാവിളക്കിൽ ദീപം തെളിയിച്ചു. ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ എസ്.ജ്യോതികുമാർ , അസിസ്​റ്റന്റ് കമ്മിഷണർ വി.കൃഷ്ണകുമാർ , അഡ്മിനിസ്‌ട്രേ​റ്റിവ് ഓഫീസർ കെ. ആർ ബിജു, അക്കൗണ്ട്സ് ഓഫീസർ ഡി. ജയകുമാർ, എ.പി.അശോക് കുമാർ, വി.കെ.അശോക് കുമാർ എന്നിവർ പങ്കെടുത്തു.

പിന്നീട് അഷ്ടമിയുടെ ആദ്യ ശ്രീബലി നടന്നു. ശിവേലിതിടമ്പാണ് ആദ്യ ശ്രീബലിയ്ക്കായി ഉപയോഗിക്കുന്നത്. ഗജവീരന് വെളിനെല്ലൂർ മണികണ്ഠൻ വൈക്കത്തപ്പന്റെ തിടമ്പേ​റ്റി ക്ഷേത്രത്തിന് മൂന്നു വലം വച്ചു. കലാപീഠം ബാബു, വൈക്കം ഷാജി, വൈക്കം സുമോദ്, വെച്ചൂർ രാജേഷ് വെച്ചൂർ വൈശാഖ്, വൈക്കം ജയൻ, വൈക്കം കാർത്തിക് തുടങ്ങിയവരും വൈക്കം ക്ഷേത്ര കലാപീഠവും മേളം ഒരുക്കി. കൊവിഡ് നിയന്ത്രണങ്ങൾ മൂലം കൊടിയേറ്റ് സമയത്ത് ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിൽ പ്രവേശനം അനുവദിച്ചിരുന്നില്ല.