വൈക്കം : ഉദയനാപുരം ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൃക്കാർത്തിക ദർശനവും തൃക്കാർത്തിക വിളക്കും നാളെ പുലർച്ചെ 7 ന് നടക്കും. താരകാസുര നിഗ്രഹം കഴിഞ്ഞു വിജയ ശ്രീലാളിതനായി വരുന്ന ദേവസേനാധിപനായ ശ്രീസുബ്രഹ്മണ്യനെ ദേവഗണങ്ങൾ നിറദീപം തെളിയിച്ച് വരവേറ്റ പുണ്യദിനമാണ് കാർത്തികയെന്നാണ് വിശ്വാസം. വൈകിട്ട് 7.30 നാണ് പ്രസിദ്ധമായ തൃക്കാർത്തിക വിളക്ക്. വലിയ ചട്ടം ഉപയോഗിച്ചുള്ള വിളക്ക് എഴുന്നള്ളിപ്പിന് സ്വർണ്ണതലേക്കെട്ടും സ്വർണ്ണക്കുടുയും ഉപയോഗിക്കും. വലിയ കാണിക്ക, വെടിക്കെട്ട് എന്നിവയും ഉണ്ടാകും
ക്ഷേത്രത്തിലെ കുലവാഴ പുറപാട് ഇന്ന് നടക്കും. ഉദയനാപുരത്തെ സംയുക്ത എൻ എസ് എസ്. കരയോഗങ്ങളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന കുലവാഴ പുറപ്പാട് വൈകിട്ട് 3 നു ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരം വഴി ക്ഷേത്രത്തിൽ പ്രവേശിക്കും. തൃക്കാർത്തികയുടെ തലേ ദിവസം ആർഭാടപൂർവം നടത്താറുള്ള കുലവാഴ പുറപാട് കൊവിഡ് നിയന്ത്റണങ്ങളുടെ പശ്ചാത്തലത്തിൽ പ്രതീകാത്മകമായിട്ടായിരിക്കും നടത്തുക. വൈകിട്ട് 4 ന് കാഴ്ചശ്രീബലി.
29 ന് രാവിലെ 5 നാണ് വടക്കും ചേരി മേൽ എഴുന്നള്ളിപ്പ്. ചെമ്പ് ദേശം വരെ പോകുന്ന എഴുന്നള്ളിപ്പ് അവിടെ വച്ച് 3 പ്രാവശ്യം ശംഖ് കമഴ്ത്തി പിടിച്ച് വിളിച്ച ശേഷം തിരികെ എഴുന്നള്ളും. ആചാരപ്രകാരം കൂട്ടുമ്മേൽ ക്ഷേത്രത്തിൽ ഇറക്കി പൂജയും നിവേദ്യവും ഉണ്ട്. കാർത്തിക ഉത്സവത്തോടനുബന്ധിച്ചുള്ള തെക്കും ചേരിമേൽ എഴുന്നള്ളിപ്പ് ഇന്ന് നടക്കും.