പാലാ : ഒരിടവേളയ്ക്ക് ശേഷം പാലാ നഗരത്തിൽ വീണ്ടും കൊവിഡ് പിടിമുറുക്കുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സ്ഥാനാർത്ഥിയുൾപ്പടെ 16 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ മൂന്ന് കുടുംബങ്ങളിലുള്ളവരാണ് 13 പേരും.
ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ എസ്.ബി.ഐ പാലാ മെയിൻ ശാഖ ഇന്നലെ അടച്ചു. ശുചീകരണ പ്രവർത്തനങ്ങൾക്ക് ശേഷമേ ഇനി തുറക്കൂവെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.
പൊലീസിന്റെയും ആരോഗ്യവകുപ്പിന്റെയും നിയന്ത്രണങ്ങൾ അയഞ്ഞതും തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ മുന്നണികളും സ്ഥാനാർത്ഥികളും അണികളുമൊക്കെ മാസ്ക് ഉപയോഗിക്കുന്നതിലും കൂട്ടംകൂടുന്നതിലും മറ്റും കാണിച്ച അലംഭാവവുമാണ് രോഗം വീണ്ടും വ്യാപകമാവാൻ കാരണമെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. ഇതിനിടെ കഴിഞ്ഞ ദിവസം സ്ഥാനാർത്ഥിക്കും കുടുംബത്തിനും കൊവിഡ് പിടിപെടുകയും ഈ സ്ഥാനാർത്ഥിതന്നെ വിവിധ യോഗങ്ങളിൽ പങ്കെടുക്കുകയും ചെയ്തത് അറിവായിട്ടും തുടർനടപടികൾ സ്വീകരിക്കാൻ നഗരസഭാ ആരോഗ്യവിഭാഗം പ്രവർത്തകർ തയ്യാറായിട്ടില്ല. ഇത് സംബന്ധിച്ച് റവന്യു ഉദ്യോഗസ്ഥർ അടിയന്തിര റിപ്പോർട്ട് ജില്ലാ കളക്ടർക്ക് സമർപ്പിച്ചതായാണ് സൂചന.
തിരഞ്ഞെടുപ്പ് വന്നു, എല്ലാം മറന്നു
തിരഞ്ഞെടുപ്പിന്റെ പേരിൽ കൃത്യമായ അകലം പാലിക്കാതെയും മാസ്‌ക്ക് വയ്ക്കാതെയും ആളുകൾ കൂട്ടംകൂടുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് വഴിതെളിക്കുമെന്ന് കാട്ടി കഴിഞ്ഞയാഴ്ച ഒടുവിൽ രഹസ്യാന്വേഷണ വിഭാഗവും ഉന്നതാധികാരികൾക്ക് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഇതൊന്നും ഗൗരവത്തിലെടുക്കാൻ ഉത്തരവാദിത്തപ്പെട്ടവർ തയ്യാറായില്ല.
ഇന്നലെ പരിശോധിച്ചത് 72 പേരെ
ഇന്നലെ നഗരസഭയിലെ വിവിധ മുന്നണി സ്ഥാനാർത്ഥികൾ ഉൾപ്പടെ 72 പേർക്ക് പരിശോധന നടത്തി. ഇതിൽ 6 പേർക്ക് രോഗം സ്ഥിരീകരിച്ചു. 26 പേർക്ക് രോഗമില്ലെന്ന് വ്യക്തമായി.ബാക്കിയുള്ളവരുടെ ഫലം ഇന്ന് ലഭിക്കും.