കോട്ടയം : ശബരിമല സന്നിധാനത്ത് കൊവിഡ് രോഗികളായ ജീവനക്കാരുട എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ തീർത്ഥാടകരുടെ എണ്ണം കൂട്ടാനുള്ള സർക്കാർ തീരുമാനം തീർത്ഥാടനം അട്ടിമറിക്കാനുള്ള സർക്കാർ ഗൂഢാലോചനയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്.ബിജു ആരോപിച്ചു. നിലയ്ക്കലിൽ ആന്റിജൻ ടെസ്റ്റ് നടത്തിയ ആറ് ജീവനക്കാർക്കും വിവിധ ക്ഷേത്രങ്ങളിൽ ദർശനം നടത്തിയെത്തിയ ഇരുപതോളം അന്യസംസ്ഥാന തീർത്ഥാടകർക്കും കൊവിഡ് പോസിറ്റീവായ സാഹചര്യത്തിൽ കൂടുതൽ ഭക്തരെ പ്രവേശിപ്പിക്കുന്നത് കേരളത്തിൽ കൊവിഡ് വ്യാപനം കൂട്ടും. വരുമാനം കുറഞ്ഞതിന്റെ പേരിലാണ് കൂടുതൽ ഭക്തരെ പ്രവേശിപ്പിക്കുന്നത്. ഇതിന് പകരം സർക്കാർ പ്രഖ്യാപിച്ച 100 കോടി രൂപ ദേവസ്വം ബോർഡിന് നൽകി സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുകയാണ് വേണ്ടത്. ശബരിമല സേവാസമിതിയുടെ ആഭിമുഖ്യത്തിൽ 29 ന് തൃക്കാർത്തിക ദിവസം കേരളത്തിലുടനീളം വിശ്വാസ സംരക്ഷണ ജ്യോതി തെളിക്കുമെന്നും അദ്ദേഹം പറഞ്ഞു. പി.വി.മുരളീധരൻ, രാജേഷ് നട്ടാശേരി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.