പാലാ : തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ അവസാന ലാപ്പിലേക്ക് കടക്കുമ്പോഴും വോട്ടർമാർ പൊതുവിൽ നിസംഗതരാണ്. കവലകൾതോറും ബോർഡുകളും പോസ്റ്ററുകളും വ്യാപകമായി നിരന്നെങ്കിലും തിരഞ്ഞെടുപ്പിന്റെ ആവേശം വാർഡുകളിലില്ല. കൊവിഡ് മൂലം സ്ഥാനാർത്ഥികളുടെ ഭാവന സന്ദർശനങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ കൂട്ടംചേർന്നുള്ള തിരെഞ്ഞെടുപ്പ് പ്രവർത്തനം നടത്താൻ കഴിയുന്നില്ല. വാർഡ് കൺവെൻഷനുകൾ നടത്തുന്നതിലും ഭക്ഷണം വിതരണം ചെയ്യുന്നതിലും നിയന്ത്രണങ്ങൾ ഉള്ളതിനാൽ വാർഡുകളിൽ പരിമിതമായ ആളുകൾ പങ്കെടുക്കുന്ന യോഗങ്ങളാണ് നടക്കുന്നത്. മിക്ക വാർഡുകളിലും സ്ഥാനാർത്ഥികൾ തന്നെ ഭാവന സന്ദർശനം നടത്തി വോട്ട് അഭ്യർത്ഥിക്കുന്ന തിരക്കിലാണ്. കൊവിഡ് ഭയം മൂലം പല വോട്ടർമാരും സ്ഥാനാർത്ഥികൾ എത്തുന്നത് വിലക്കുന്ന സ്ഥിതിയുമുണ്ട്. ഇലക്‌ഷനെകുറിച്ചും സ്ഥാനാർത്ഥികളെ സംബന്ധിച്ചും മുൻ കാലങ്ങളിൽ കവലകളിലും മറ്റും നടക്കുന്ന ചർച്ചകൾ ഇപ്പോൾ ഒരിടത്തും കാണുന്നില്ല. പാലായിൽ ഒരു യു.ഡി.എഫ് സ്ഥാനാർത്ഥിയ്ക്ക്‌ കൊവിഡ് സ്ഥിരീകരിച്ചതോടെ ഭവനസന്ദർശനവും അവതാളത്തിലായി.