അടിമാലി: പ്രചാരണ രംഗം ചൂട് പിടിച്ചതോടെ റെക്കാേഡിംഗ് സ്റ്റുഡിയോകളും സജീവമായി.വിവിധ മുന്നണികളുടെ സ്ഥാനാർത്ഥികൾക്കാവശ്യമായ അനൗൺസ്‌മെന്റും പാരഡിഗാനങ്ങളും റെക്കോഡിംഗ് സ്റ്റുഡിയോകളിൽ തയ്യാറാവുകയാണ്.സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും പ്രവർത്തനങ്ങളുമൊക്കെയാണ് പാരഡിഗാനങ്ങളിലെ പ്രധാന ആശയം.തദ്ദേശ തിരഞ്ഞെടുപ്പ് കൊവിഡ് കാലം മാന്ദ്യം സമ്മാനിച്ച റെക്കോഡിംഗ് സ്റ്റുഡിയോകൾക്കും പുത്തൻ ഉണർവ്വ് നൽകുന്നുണ്ട്.പ്രാദേശിക കലാകാരൻമാരുടെ സഹായത്തോടെയാണ് മുന്നണികളും സ്ഥാനാർത്ഥികളും അനൗൺസ്‌മെന്റുകളും പാരഡിഗാനങ്ങളും തയ്യാറാക്കുന്നത്.സിനിമാഗാനങ്ങൾക്കും മാപ്പിളപ്പാട്ടുകൾക്കുമൊത്ത് വരികൾ തയ്യാറാക്കുന്ന പ്രാദേശിക ഗാന രചിയിതാക്കൾക്കും തിരഞ്ഞെടുപ്പ്കാലം തിരക്കുള്ള കാലമാണ്.നവമാദ്ധ്യമങ്ങളിലടക്കം പ്രചാരണം കൊഴുക്കുന്ന ഈ തിരഞ്ഞെടുപ്പ് കാലത്ത് വോട്ടുറപ്പിക്കാനുള്ള പ്രധാന മാർഗ്ഗങ്ങളിൽ ഒന്നായാണ് മുന്നണികളും സ്ഥാനാർത്ഥികളും പാരഡിഗാനങ്ങളേയും അനൗൺസ്‌മെന്റുകളേയും കണക്കാക്കുന്നത്.