അടിമാലി: പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചും കപ്പകൃഷിയിൽ വിജയഗാഥ രചിക്കുകയാണ് അടിമാലി മച്ചിപ്ലാവ് സ്വദേശികളായ രണ്ട് കർഷകർ.മച്ചിപ്ലാവ് സ്വദേശികളായ പറമ്പേൽ ജോസഫ്, കോട്ടക്കൽ ബിനോയി എന്നീ കർഷകരാണ് അടിമാലി ടൗണിനു സമീപം കൂമ്പൻപാറയിൽ പ്രതികൂല ഘടകങ്ങളെ അതിജീവിച്ച് കപ്പകൃഷിയുമായി മുമ്പോട്ട് പോകുന്നത്. വന്യമൃഗങ്ങളുടെ ശല്യമുൾപ്പെടെയുള്ള പ്രതിസന്ധികൾ മൂലം ഹൈറേഞ്ചിലെ കർഷകർ പലരും കപ്പ കൃഷിയിൽ നിന്നും പിൻവാങ്ങുമ്പോൾ 12 ഏക്കറിലധികം സ്ഥലത്ത് കൃഷിചെയ്യുകയാണ് ഇവർ. ഇരുപത്തയ്യായിരത്തോളം ചുവട് കപ്പയാണ് ഇരുവരും ചേർന്ന് നട്ട് പരിപാലിച്ച് പോരുന്നത്.ആദ്യ വിളവെടുപ്പിന് ശേഷം രണ്ടാം കൃഷിക്ക് ജോസഫും ബിനോയിയും തുടക്കം കുറിച്ച് കഴിഞ്ഞു.വിലയുണ്ടെങ്കിൽ കപ്പകൃഷി മെച്ചപ്പെട്ട വരുമാന മാർഗ്ഗമാണെന്ന് ഈ കർഷകർ സാക്ഷ്യപ്പെടുത്തുന്നു.ഹൈറേഞ്ചിലെ കപ്പ കർഷകർ നേരിടുന്ന പ്രധാനവെല്ലുവിളി ഏതെന്ന ചോദ്യത്തിന് എല്ലാ കർഷകരേയും പോലെ ഇവർക്കും പറയാനുള്ളത് ഒന്ന് തന്നെ, കാട്ടുമൃഗങ്ങളുടെ ആക്രമണം..രാത്രി കാലത്ത് കാവൽ കിടന്നും കൃഷിയിടത്തിന് ചുറ്റും വേലി തിരിച്ച് കെട്ടിയുമാണ് ഇത്ര അധികം സ്ഥലത്തെ കപ്പകൃഷി ജോസഫും ബിനോയിയും കാട്ടുമൃഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നത്.ഇടക്കിടെയുള്ള കളയെടുപ്പിനും വളമിടലിനും മോശമല്ലാത്തൊരു തുക ഇവർക്ക് ചിലവായി വരുന്നുണ്ട്.ആദ്യ കൃഷി കൈപൊള്ളിക്കാതെ കടന്നു പോയെങ്കിൽ രണ്ടാം കൃഷിയും മൂന്നാം കൃഷിയും ഈ കർഷകർക്ക് വലിയ പ്രതീക്ഷകളാണ് നൽകുന്നത്.