തൃക്കൊടിത്താനം : തൃക്കൊടിത്താനം പഞ്ചായത്ത് വാർഡ് 15 ൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥി മത്സരിക്കുന്നത് യു.ഡി.എഫ് ധാരണ പ്രകാരമാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായിൽ പറഞ്ഞു. ലീഗ് ആവശ്യപ്പെട്ട ജില്ലാ പഞ്ചായത്ത് സീറ്റ് വിട്ടുവീഴ്ച ചെയ്തപ്പോൾ പകരം ജില്ലാ യു.ഡി.എഫ് നേതൃത്വം ഉമ്മൻ ചാണ്ടി, മോൻസ് ജോസഫ് എന്നിവരുമായി നടത്തിയ ചർച്ചയിൽ ലീഗിന് അനുവദിച്ച സീറ്റുകളിൽ ഒന്നാണ് തൃക്കൊടിത്താനം പഞ്ചായത്തിലേത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പാർട്ടി നിയോജകമണ്ഡലം ജനറൽ സെക്രട്ടറിയും ജില്ലാ പ്രവർത്തകസമിതിയംഗവുമായ റഷീദ് ആരമലയെ മത്സരിപ്പിക്കാൻ തീരുമാനിച്ചതും പാർട്ടി ഔദ്യോഗിക ചിഹ്നമായ ഏണി അടയാളം നൽകിയതും. എന്നാൽ യു.ഡി.എഫ് ജില്ലാ നേതൃത്വത്തിൽ എടുത്ത തീരുമാനം പ്രാദേശിക തലത്തിൽ അട്ടിമറിക്കപ്പെടുകയായിരുന്നു. മുസ്ലിം ലീഗ് യു.ഡി.എഫിനെതിരെ മത്സരിക്കുന്നു എന്ന പ്രചരണം നടത്തുന്നവർ നിഷിപ്ത താത്പര്യക്കാരാണ്. എല്ലാ കാലവും യു.ഡി.എഫിന്റെ കെട്ടുറപ്പിന് വേണ്ടി നിലകൊണ്ട പ്രസ്ഥാനമാണ് ലീഗെന്നും അദ്ദേഹം പറഞ്ഞു.