കട്ടപ്പന: ജില്ലയിലെ പൊലീസ് കാന്റീനുകളിൽ നിന്നു പൊതുജനങ്ങളെ വിലക്കിയുള്ള ഇടുക്കി എസ്.പിയുടെ ഉത്തരവിൽ ഡി.ജി.പിയുടെ ഇടപെടൽ. 'കേരള കൗമുദി' വാർത്തയെ തുടർന്നാണ് നടപടി. വാർത്ത ശ്രദ്ധയിൽപെട്ട ഡി.ജി.പി, ആറ് പൊലീസ് കാന്റീനുകളുടെയും ചുമതലയുള്ള സി.ഐമാരോട് തിങ്കളാഴ്ച തിരുവനന്തപുരത്തെ പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സിലെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ കാന്റീനുകളുടെ പ്രവർത്തനം സംബന്ധിച്ച് ഇവർ വിശദീകരണം നൽകും.
ജില്ലയിലെ പൊലീസ് കാന്റീനുകളുടെ സേവനം പൊലീസ് ഉദ്യോഗസ്ഥർക്കു മാത്രമായി ചുരുക്കി ജില്ലാ പൊലീസ് മേധാവിയുടെ വിവാദ ഉത്തരവ് വ്യാഴാഴ്ചയാണ് പുറത്തിറങ്ങിയത്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ പൊതുജനങ്ങൾക്ക് കാന്റീനുകളിൽ നിന്നു ഭക്ഷണം ലഭിക്കില്ല. എന്നാൽ ഉത്തരവ് പുറപ്പെടുവിക്കാനുള്ള സാഹചര്യവും അവ്യക്തമാണ്. പൊലീസും പൊതുജനങ്ങളും അടുത്തിടപഴകുന്ന സ്ഥാപനം എന്ന നിലയിൽ കാന്റീനുകളുടെ സേവനം നിയന്ത്രിച്ചുള്ള ഉത്തരവിനെതിരെ സേനയ്ക്കുള്ളിലും അമർഷം പുകയുകയാണ്. ഡി.ജി.പി ഇടപെട്ട സാഹചര്യത്തിൽ ഉത്തരവ് പിൻവലിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ് ഉദ്യോഗസ്ഥർ. തൊടുപുഴ, കട്ടപ്പന, മൂന്നാർ, അടിമാലി, പീരുമേട്, നെടുങ്കണ്ടം എന്നിവിടങ്ങളിലാണ് ജനമൈത്രി പൊലീസ് കാന്റീനുകൾ പ്രവർത്തിച്ചുവരുന്നത്.