കോട്ടയം: മോട്ടോർ വാഹന വകുപ്പ് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നല്കി. വാക്കത്തിയും തൂമ്പയുമായി പൊതുമരാമത്ത് റോഡിലിറങ്ങി. ഒറ്റദിവസം കൊണ്ട് ഒരാൾ പൊക്കത്തിൽ വളർന്നുനിന്ന കാട് വെട്ടിത്തെളിച്ചു. ഈരേക്കടവ് വികസന ഇടനാഴിയിലെ കാടാണ് റിപ്പോർട്ട് നൽകി പിറ്റേദിവസം തന്നെ വെട്ടിത്തെളിച്ചത്. രണ്ടു ദിവസങ്ങളിലായി രണ്ടു യുവാക്കളുടെ ജീവൻ പൊലിഞ്ഞതിനെ തുടർന്നാണ് നടപടി.
ഈരേക്കടവ് ഇടനാഴിയിൽ അപകടകാരണം റോഡിന്റെ ഇരുവശങ്ങളിലും വളർന്നുനില്ക്കുന്ന പൊന്തക്കാടുകളാണെന്നും ഇത് വെട്ടിമാറ്റിയില്ലെങ്കിൽ തുടർന്നും അപകടങ്ങൾ സംഭവിക്കാമെന്നും മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ ടോജോ എം.തോമസ് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നല്കിയിരുന്നു. കാട് ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്നതായി റിപ്പോർട്ടിൽ വിശദമായി വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്നാണ് ജില്ലാ കളക്ടർ എം.അഞ്ജന കാട് വെട്ടിമാറ്റുവാൻ പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നല്കിയത്.
നിർദ്ദേശം കിട്ടിയതോടെ റോഡിന്റെ ചുമതലയുള്ള പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം തലവൻ ഞൊടിയിടയിൽ സ്ഥലത്തെത്തി. തുടർന്ന് വെട്ടിമാറ്റാൻ നിർദ്ദേശം നല്കുകയായിരുന്നു. ഉടൻ ജീവനക്കാരെത്തി റോഡിന്റെ ഇരുവശങ്ങളിലും ഒരാൾപൊക്കത്തിൽ പന്തലിച്ചുനിന്ന കാട് വെട്ടിമാറ്റി.
കഴിഞ്ഞ 13നാണ് തൃക്കോതമംഗലം ഗോകുലത്തിൽ (കടവിൽപറമ്പിൽ) ഗോകുൽ (20) ബൈക്ക് അപകടത്തിൽ മരിച്ചത്. എതിർദിശയിൽ വന്ന വാഹനം തട്ടിയാണ് അപകടം. റോഡിന്റെ വശത്ത് വളർന്നുനിന്ന കാട് മൂലം വളവിൽ എതിരെ വന്ന വാഹനം കാണാൻ കഴിയാതിരുന്നതാണ് അപകട കാരണം. പിറ്റെദിവസം ചിങ്ങവനം റെയിൽവേ സ്റ്റേഷനു സമീപം ഇടയ്ക്കാട്ടുകൊച്ചുപറമ്പിൽ ജോയൽ പി ജോസഫും (23) അപകടത്തിൽപ്പെട്ട് മരിച്ചു. ഇതേ തുടർന്നാണ് സംഭവസ്ഥലം സന്ദർശിച്ച ആർ.ടി.ഒ ടോജോ ജില്ലാ കളക്ടർക്ക് വിശദ റിപ്പോർട്ട് നൽകിയത്.
റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ
ഈരേക്കടവ് ഇടനാഴിയിൽ പ്രകാശം എത്തിക്കണം
ഡിവൈഡറുകൾ സ്ഥാപിക്കണം
അമിതവേഗം കുറയ്ക്കാനുള്ള നടപടികൾ ഉണ്ടാവണം