കോട്ടയം : ത്രികോണച്ചൂടിൽ അമരുന്ന ഡിവിഷനുകളിൽ ഒന്നാണ് പൊൻകുന്നം. ഡിവിഷൻ തങ്ങൾക്കൊപ്പമാണെന്ന് കണക്കുകൾ നിരത്തി സ്ഥാപിച്ച് കൊണ്ടാണ് മൂന്നു മുന്നണികളുടെയും സ്ഥാനാർത്ഥികളുടെയും പ്രവർത്തനം. തടസമില്ലാതെ ജയിച്ചു കയറാമെന്നു യു.ഡി.എഫും തിരിച്ചുപിടിക്കുമെന്ന് എൽ.ഡി.എഫും അട്ടിമറി ഉറപ്പെന്ന് ബി.ജെ.പിയും ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന ഡിവിഷനാണ് പൊൻകുന്നം.
വാഴൂർ, പള്ളിക്കത്തോട്, ചിറക്കടവ് പഞ്ചായത്തുകൾ പൂർണമായും എലിക്കുളം പഞ്ചായത്തിലെ 11, 12, 13 വാർഡുകളും കൂരോപ്പട പഞ്ചായത്തിലെ 6, 8, വാർഡുകളും ഉൾക്കൊള്ളുന്നു. ഇതിൽ എലിക്കുളം, ചിറക്കടവ്, വാഴൂർ പഞ്ചായത്തുകളിൽ എൽ.ഡി.എഫും പള്ളിക്കത്തോട്, കൂരോപ്പട പഞ്ചായത്തുകളിൽ ഭരിക്കുന്നത് യു.ഡി.എഫുമാണ്. പള്ളിക്കത്തോട്, ചിറക്കടവ്, വാഴൂർ പഞ്ചായത്തുകളിൽ ബി.ജെ.പിയും ശക്തമായ സാന്നിദ്ധ്യമാണ്. പട്ടികജാതി സംവരണമായ വാർഡിൽ കരുത്തരെയാണ് മൂന്നു മുന്നണികളും കളത്തിലിറക്കുന്നത്.
എം.എൻ.സുരേഷ് ബാബു
സസ്യശാസ്ത്രത്തിലും പരിസ്ഥിതി ശാസ്ത്രത്തിലും ബിരുദാനന്തര ബിരുദമുള്ള, കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. ഹയർസെക്കൻഡറി സ്‌കൂൾ അദ്ധ്യാപകൻ കൂടിയായ എം.എൻ.സുരേഷ് ബാബുവാണ് കോൺഗ്രസ് സ്ഥാനാർഥി. ചിറക്കടവ് സഹകരണ ബാങ്ക് ഡയറക്ടർ, പൊൻകുന്നം പ്രിന്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി മെമ്പർ, ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസഡിന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള സുരേഷ് കാഞ്ഞിരപ്പള്ളി സർക്കിൾ സഹകരണ യൂണിയൻ മുൻ മെമ്പറുമാണ്. മികച്ച ഗായകനായ ഇദ്ദേഹം ഗാനരചന, സംഗീത സംവിധായകൻ തുടങ്ങിയ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. മേൽക്കെ വിജയം ഉറപ്പാക്കുമെന്നു യു.ഡി.എഫ്. കേന്ദ്രങ്ങൾ പറയുന്നു.
ടി.എൻ.ഗിരീഷ് കുമാർ
സി.പി.എമ്മിലെ ടി.എൻ.ഗിരീഷ് കുമാറാണ് എൽ.ഡി.എഫ്. സ്ഥാനാർഥി. ചിറക്കടവ് പഞ്ചായത്ത് അംഗം, വൈസ് പ്രസിഡന്റ്, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ഗിരീഷ് വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്ത് സജീവമായത്. ചെറുവളളി ലോക്കൽ കമ്മിറ്റിയംഗമാണ്. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജില്ലാ ജോ.സെക്രട്ടറിയും, കാഞ്ഞിരപ്പള്ളി കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റി ഡയറക്ടർ ബോർഡംഗവുമാണ്. പൊൻകുന്നം സർവീസ് സഹകരണ ബാങ്ക് മാനേജരായി ജോലി ചെയ്യുന്നു, മികച്ച വോളിബാൾ കളിക്കാരനുമാണ്. ചിറക്കടവ്, വാഴൂർ, എലിക്കുളം പഞ്ചായത്തുകളിലെ ഇടതു സ്വാധീനത്തിലാണ് എൽ.ഡി.എഫ് വിജയപ്രതീക്ഷ.
സതീഷ് വാസു
കോൺഗ്രസുകാരനായ സതീഷ് വാസുവിനെ മറുകണ്ടം ചാടിച്ചാണ് ബി.ജെ.പി മത്സരിപ്പിക്കുന്നത്. പന്ത്രണ്ടര വർഷം പള്ളിക്കത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു സതീഷ് വാസു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത്, മറ്റക്കര ഹൗസിംഗ് ബോർഡ് ഡയറക്ടർ ബോർഡ്, ആനിക്കാട് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് എന്നിവയിൽ അംഗമായിരുന്നു.പള്ളിക്കത്തോട്, ചിറക്കടവ്, വാഴൂർ പഞ്ചായത്തുകളിലെ ബി.ജെ.പിയുടെ ശക്തമായ അടിത്തറയും എൻ.ഡി.എയ്ക്ക് വിജയപ്രതീക്ഷ നൽകുന്നു.
നിർണായകം
കഴിഞ്ഞ തവണ നേടിയ 14000 വോട്ടുകളിൽ ബി.ജെ.പി പ്രതീക്ഷ
വിശ്വാസികൾ ഏറെയുളള ഡിവിഷനിൽ ശബരിമലയും പ്രചരണ വിഷയം
മൂന്ന് സ്ഥാനാർത്ഥികളുടേയും വ്യക്തി പ്രഭാവം