തലയോലപ്പറമ്പ് : ഇല്ലിത്തൊണ്ടിന് സമീപം പ്രവർത്തിക്കുന്ന വൈക്കം താലൂക്ക് റേഷൻ ഡിപ്പോയിലെ ഉദ്യോഗസ്ഥർക്കും കയ​റ്റി ഇറക്ക് തൊഴിലാളികൾക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് റേഷൻ വിതരണം നിലച്ചു. ഗോഡൗണിന്റെ സൂക്ഷിപ്പുകാരൻ അടക്കം നിരവധി പേർ ക്വാറന്റൈനിൽ പോയതോടെ ദിവസങ്ങളായി ഡിപ്പോ അടച്ചിട്ടിരിക്കുകയാണ്. താലൂക്കിലെ ഭൂരിഭാഗം റേഷൻ കടകളിലും ഭക്ഷ്യധാന്യങ്ങൾ ഇതെ തുടർന്ന് വിതരണം ചെയ്തിട്ടില്ല. മാസവസാനം ആയതോടെ റേഷൻ വാങ്ങാൻ എത്തുന്ന കാർഡ് ഉടമകൾ ഏറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. പലരും റേഷൻ കടകളിൽ എത്തുമ്പോഴാണ് വിതരണം നിലച്ച വിവരം അറിയുന്നത്.