കോട്ടയം : കെ.എസ്.ആർ.ടി ഓർഡിനറി ബസിന്റെ സൈഡിൽ പിൻവാതിലിനോട് ചേർന്ന ചുവപ്പു നിറത്തിൽ വെള്ള അക്ഷരത്തിലെ അഭ്യർത്ഥന ഇങ്ങനെ "ഈ സ്റ്റോപ്പിൽ ഇറങ്ങുവാണ്. കൂടെ കാണണേ....കടും ചുവപ്പ് ഷർട്ടും ചുവന്ന ബോർഡറുള്ള മുണ്ടുമുടുത്ത് ബസിന്റെ പിൻവാതിൽ വഴി ഇറങ്ങുന്ന താടിക്കാരൻ. സഖാവ് പി.കെ.പ്രദീപ് അരിവാൾ ചുറ്റിക നക്ഷത്ര ചിഹ്നത്തിൽ വോട്ട് ചെയ്തു വിജയിപ്പിക്കുക എന്ന എഴുത്തിനൊപ്പം ബസിന്റെ വാതിൽപ്പടിക്ക് മുകളിൽ പുഞ്ചവയൽ ഡിവിഷൻ എന്നും കാണാം. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ മത്സരിക്കുന്ന ഇടതുസ്ഥാനാർത്ഥി പി.കെ.പ്രദീപിന്റെ തിരഞ്ഞെടുപ്പ് പോസ്റ്റർ സമൂഹമാദ്ധ്യമങ്ങളിൽ വൻ ഹിറ്റാകുകയാണ്.
കരിനിലം പ്രദീപ് ഭവനിൽ പി.കെ.പ്രദീപ് പത്തുവർഷമായി എരുമേലി കെ.എസ്.ആർ.ടി.സി ഡിപ്പോ ഡ്രൈവറായിരുന്നു. തദ്ദേശതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ജോലി രാജിവച്ച് സ്ഥാനാർത്ഥിയായപ്പോൾ തനിക്കും കുടുംബത്തിനും ഇതുവരെ അന്നം തന്ന കെ.എസ്.ആർ.ടി.സിയെ മറക്കാതെ നെഞ്ചോട് ചേർത്ത് പിടിച്ച് തിരഞ്ഞെടുപ്പ് പോസ്റ്ററിൽ ഉപയോഗിക്കുകയായിരുന്നു. ബസിനുള്ളിലെ സീറ്റിൽ ഇരുന്ന് "ഞാൻ ബ്ലോക്കിലോട്ടാ" എന്ന് നിറചിരിയോടേ പറയുന്ന പ്രദീപിന്റെ മറ്റൊരു പോസ്റ്ററുമുണ്ട്. കൈ കൂപ്പി പല്ല് പുറത്തു കാട്ടി ചിരിച്ചു നിൽക്കുന്ന പരമ്പരാഗത പോസ്റ്ററിന് പകരം വ്യത്യസ്തമായ പോസ്റ്ററിന്റെ ആശയവും ഫോട്ടോയെടുപ്പും എഡിറ്റിംഗുമൊക്കെ ആത്മ സുഹൃത്തുക്കളുടേതാണെന്ന് പ്രദീപ് പറയുന്നു. ഡി.വൈ.എഫ്.ഐയിലൂടെ പൊതു രംഗത്തെത്തിയ പ്രദീപ് സി.പി.എം മുണ്ടക്കയം ലോക്കൽ കമ്മിറ്റി സെക്രട്ടറിയാണ്. ഭാര്യ മഞ്ചു തൊടുപുഴ ഇലക്ട്രിക്കൽ ഇൻസ്പെക്ടേഴ്സ് ഡിപ്പാർട്ട്മെന്റ് ജീവനക്കാരിയാണ്.