കട്ടപ്പനയിൽതീപാറും പോരാട്ടം
വാഴവര(1)
വനിത സംവരണ വാർഡായ വാഴവരയിൽ പുതുമുഖമായ ക്ലാര ജോസഫാണ് എൽ.ഡി.എഫ്. സ്ഥാനാർത്ഥി. കേരള കോൺഗ്രസ് ജോസ് വിഭാഗം പ്രതിനിധിയായ ക്ലാര നാലുവർഷമായി എ.ഡി.എസ്. പ്രസിഡന്റാണ്. കൂടാതെ തൊഴിലുറപ്പ് മേറ്റായും പൊതുജനങ്ങൾക്കിടയിൽ പ്രവർത്തിച്ചു പരിചയമുണ്ട്. കോൺഗ്രസിലെ ജെസി ബെന്നിയാണ് യു.ഡി.എഫ്. സ്ഥാനാർത്ഥി. 2010ൽ മരിയാപുരം ഡിവിഷനിൽ നിന്നു ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലേക്കു മത്സരിച്ചിട്ടുണ്ട്. 12 വർഷമായി തയ്യൽ മേഖലയിൽ ജോലി ചെയ്യുന്ന ജെസി എ.കെ.ടി.എ. വാഴവര യൂണിറ്റ് സെക്രട്ടറിയുമാണ്. മറ്റൊരു പുതുമുഖമായ ഷൈലജ അഭയകുമാറാണ് ബി.ജെ.പി. പ്രതിനിധിയായ എൻ.ഡി.എ. സ്ഥാനാർത്ഥി. എസ്.എൻ.ഡി.പി. യോഗം 1915ാം നമ്പർ വാഴവര ശാഖയിലെ വനിത സംഘത്തിന്റെ പ്രസിഡന്റും ബാലവേദി രക്ഷാധികാരിയുമാണ്.
നിർമലാസിറ്റി(2)
റിട്ട. എസ്.ഐയും കോൺഗ്രസ് കട്ടപ്പന മണ്ഡലം വൈസ് പ്രസിഡന്റുമായ കെ.വി. രാജുവാണ് യു.ഡി.എഫ്. സ്ഥാനാർത്ഥി. കോളജ് പഠനകാലത്ത് കെ.എസ്.യു, യൂത്ത് കോൺഗ്രസ് ഭാരവാഹിയായിരുന്നു. പൊലീസിൽ ജോലി ചെയ്യുന്ന കാലത്ത് പൊലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ നിർമലാസിറ്റി ആപ്‌കോസ് പ്രസിഡന്റും കെ.എസ്.എസ്.പി.എ. നിയോജകമണ്ഡലം പ്രസിഡന്റുമാണ്. വാഴവര വാർഡിലെ മുൻ കൗൺസിലറായ ബെന്നി കുര്യനാണ് എൽ.ഡി.എഫ്. സ്ഥാനാർത്ഥി. പൊതുപ്രവർത്തന രംഗത്ത് സജീവമായ ബെന്നി ബിരുദാനന്തര ബിരുദധാരിയാണ്. കഴിഞ്ഞ തവണ ഹൈറേഞ്ച് സംരക്ഷണ സമിതി പിന്തുണയോടെയാണ് മത്സരിച്ച് വിജയിച്ചത്. അതേസമയം എൻ.ഡി.എയ്ക്ക് ഈ വാർഡിൽ സ്ഥാനാർത്ഥിയില്ല. സ്വതന്ത്ര സ്ഥാനാർത്ഥിയായി ജെയിംസ്‌കുട്ടി ഒ.എം. മത്സിക്കുന്നുണ്ട്. ഇദ്ദേഹം കെ.എസ്.ആർ.ടി.സിയിലെ ജീവനക്കാരനായിരുന്നു.
സൊസൈറ്റി(3)
വനിത സംവരണ വാർഡായ സൊസൈറ്റി വാർഡിൽ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിലെ ടെസി ഡെന്നിയാണ് എൽ.ഡി.എഫ്. സ്ഥാനാർത്ഥി. ഹിന്ദി അദ്ധ്യാപികയായിരുന്ന ടെസി അണക്കര സെന്റ് തോമസ് കോളജിലും ആന്ധ്രായിലെ സ്‌കൂളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള കോൺഗ്രസ് ജോസ് വിഭാഗത്തിലെ ജൂലി റോയിയാണ് യു.ഡി.എഫ്. സ്ഥാനാർത്ഥി. കട്ടപ്പന കോഓപ്പറേറ്റീവ് കോളജിലെ കമ്പ്യൂട്ടർ അദ്ധ്യാപികയായിരുന്നു. നിലവിൽ കുടുംബശ്രീയുടെ സജീവ പ്രവർത്തകയാണ്. എൻ.ഡി.എ. സ്ഥാനാർത്ഥിയായ സിന്ധു സുരേഷ് തയ്യൽ തൊഴിലാളിയാണ്.
4) കൊങ്ങിണിപ്പടവ്
കൊങ്ങിണിപ്പടവ് വാർഡിൽ കോൺഗ്രസിലെ ഏലിയാമ്മ കുര്യാക്കോസാണ് യു.ഡി.എഫ്. സ്ഥാനാർത്ഥി. കുടുംബശ്രീ, എ.ഡി.എസ്, സി.ഡി.എസ്. സജീവ പ്രവർത്തകയായ ഏലിയാമ്മ ഇൻഷൂറൻസ് ഏജന്റുമാണ്. മുൻ പഞ്ചായത്ത് അംഗമായ വിൽസൺ പുതുപ്പറമ്പിലിന്റെ ഭാര്യ മേരിക്കുട്ടി എഫ്രേം ആണ് എൽ.ഡി.എഫ്. സ്ഥാനാർത്ഥി. എൻ.ഡി.എ. സ്ഥാനാർഥിയായ ശൈലജ എസ്. ആദ്യമായാണ് മത്സരിക്കുന്നത്