covid

തിരഞ്ഞെടുപ്പ് പ്രചരണം മുറുകിയതിനിടയിൽ സ്ഥാനാർത്ഥികളെയും വോട്ടർമാരെയും ആശങ്കയിലാഴ്ത്തിയ കൊവിഡിന്റെ രംഗപ്രവേശനം കണ്ട് പാലായിലെ രാഷ്ട്രീയക്കാരും വോട്ടർമാരും ഒരേ സ്വരത്തിൽ പറയുകയാണ് "കൊവിഡിന് വരാൻ കണ്ട ഒരു നേരം. പാലാ നഗരസഭയിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥിയ്ക്കായിരുന്നു ആദ്യം കൊവിഡ് സ്ഥിരീകരിച്ചത് . അതോടെ സ്ഥാനാർത്ഥികളെല്ലാം ക്വാറന്റൈനിൽ പോകണമെന്ന ആവശ്യവുമായി എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ രംഗത്തെത്തി. ഇടതുസ്ഥാനാർത്ഥികളെല്ലാം കൊവിഡ് പരിശോധന നടത്തി നെഗറ്റീവാണെന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് സി.പി.എം സ്ഥാനാർത്ഥി ബിനു പുളിക്കക്കണ്ടത്തിന് കൊവിഡ് പോസീറ്റീവാണെന്ന വാർത്ത പരന്നത്.

മൂന്നാലു ദിവസമായി ബിനു വീട്ടിൽ തന്നെ ക്വാറന്റൈനിൽ ആയതിനാൽ മറ്റ് ഇടതു സ്ഥാനാർത്ഥികൾ വീടുകയറി തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിൽ ഒരു പ്രശ്നവുമില്ലെന്ന് ഇടതുനേതാക്കൾ പറയുന്നത് യു.ഡി.എഫ് അംഗീകരിക്കുന്നില്ല. ചട്ടനെ പൊട്ടൻ ചതിച്ചാൽ പൊട്ടനെ ദൈവം ചതിക്കുമെന്നു പറയുന്നതു പോല ഇടതുസ്ഥാനാർത്ഥികളും ക്വാറന്റൈനിൽ പോകണമെന്ന ആവശ്യം അവർ ഉയർത്തിയതോടെ ക്ഷണിക്കാത്ത അതിഥിയായി കടന്നു വന്ന് പ്രചരണ രംഗത്ത് വിവാദം സൃഷ്ടിക്കുന്ന കൊവിഡിനെ ചൊല്ലിയായി തിരഞ്ഞെടുപ്പ് ചർച്ച. ഇടതു വലതു സ്ഥാനാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മറ്റു സ്ഥാനാർത്ഥികളും നേതാക്കളും വോട്ടർമാരും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമെല്ലാം ക്വാറന്റൈനിൽ പോകണമോ വേണ്ടയോ എന്നതാണ് മീനച്ചിലാറിന്റെ തീരത്തെ ഇപ്പോഴത്തെ ചൂടുപിടിച്ച രാഷ്ട്രീയ ചർച്ച.

നഗരസഭയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ജോഷി ജോണിനാണ് ആദ്യം കൊവിഡ് ബാധിച്ചത്. ഇതോടെ യു.ഡി.എഫ് സ്ഥാനാർത്ഥികളെല്ലാം പൊതുപ്രചരണം നിറുത്തി. സ്ഥാനാ‌ർത്ഥികളുടെയും രാഷ്ട്രീയ കക്ഷികളുടെയും സംയുക്തയോഗത്തിലും ജോഷി പങ്കെടുത്തിരുന്നു. പത്രിക സമർപ്പിച്ച ദിവസവും ചിഹ്നം അനുവദിച്ച ദിവസവും പൊതു പരിപാടികളിൽ പങ്കെടുത്തിരുന്നു. വീടുകളിലും കടകളിലും കയറി വോട്ടും ചോദിച്ചതോടെ എല്ലാവരും ആശങ്കയിലായി. ജോഷി പങ്കെടുത്ത യോഗങ്ങളിലുണ്ടായിരുന്ന മറ്റു സ്ഥാനാർത്ഥികൾ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാത്തതിനെതിരെ ഇടതുമുന്നണി രംഗത്തു വന്നതോടെ യു.ഡി.എഫ് സ്ഥാനാർത്ഥികളും കുടുംബാംഗങ്ങളും നിരീക്ഷണത്തിലിരിക്കാനും സമൂഹമാദ്ധ്യമങ്ങൾ വഴി വോട്ടു തേടാനും തീരുമാനിച്ചു. ക്വാറന്റൈൻ അവസാനിച്ച ശേഷം പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് വോട്ടർമാരെ കാണിച്ച് പ്രചരണത്തിനിറങ്ങിയാൽ മതിയെന്നാണ് യു.ഡി.എഫ് തീരുമാനം.

ഇടതു സ്ഥാനാർത്ഥികളെല്ലാം കൊവിഡ് പരിശോധന നടത്തി നെഗറ്റീവാണെന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് ബി.ജെ.പിയിൽ നിന്ന് സി.പി.എമ്മിലെത്തിയ യുവ സ്ഥാനാർത്ഥി ബിനു പുളിക്കക്കണ്ടത്തിന് പോസീറ്റീവാണെന്ന വാർത്ത പരന്നത്. എന്തായാലും കർശന കൊവിഡ് നിർദ്ദേശങ്ങളാണ് എല്ലാ പാർട്ടി നേതാക്കളും അണികൾക്കും സ്ഥാനാർത്ഥികൾക്കും ഇപ്പോൾ നൽകിയിരിക്കുന്നത്. കൊവിഡ് പിടിമുറുക്കിയതോടെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ആശങ്കയിലാണ്. ആരോഗ്യവകുപ്പ് നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് കളക്ടർ എം.അഞ്ജനയും മുന്നറിയിപ്പ് നൽകി.