covid

നിരവധി സ്ഥാനാർത്ഥികൾക്ക് രോഗബാധ

കോട്ടയം : തിരഞ്ഞെടുപ്പ് പ്രചരണം ഉച്ചസ്ഥായിലെത്തി നിൽക്കെ ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണവും കുതിച്ചുയരുന്നു. ഇന്നലെ 629 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിവിധ ഭാഗങ്ങളിൽ സ്ഥാനാർത്ഥികളും രോഗബാധിതരായി. നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി സ്ഥാനാർത്ഥികളും പ്രവർത്തകരും പ്രചരണം കൊഴുപ്പിക്കുന്നതാണ് രോഗബാധ വർദ്ധിക്കാൻ ഇടയാക്കിയതെന്നാണ് ആക്ഷേപം. യു.ഡി.എഫ് സ്ഥാനാർത്ഥിയ്ക്ക് പിന്നാലെ പാലായിൽ ഇന്നലെ ഇടതുസ്ഥാനാർത്ഥിയ്ക്കും, പൊൻകുന്നത്ത് യു.ഡി.എഫ് സ്ഥാനാർത്ഥിയ്ക്കും കൊവിഡ് ബാധിച്ചു. ഇവരുമായി സമ്പർക്കത്തിലേർപ്പെട്ട നിരവധി പ്രവർത്തകരും, സാധാരണക്കാരും ക്വാറന്റൈനിലാണ്. പല സ്ഥാനാർത്ഥികളും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുമ്പോൾ മാസ്‌ക് ഊരി മാറ്റുകയാണ് ചെയ്യുന്നത്. വോട്ടർമാരെ കാണാൻ ഭവനങ്ങളിലെത്തുമ്പോൾ പോലും പലരും മുൻകരുതൽ എടുക്കുന്നില്ല. ഇത് കൊവിഡ് വ്യാപനം രൂക്ഷമാക്കുമെന്നാണ് ആശങ്ക.

പത്തു വയസിൽ താഴെയുള്ളവരും, അറുപതിനു മുകളിൽ പ്രായമുള്ളവരും റിവേഴ്‌സ് ക്വാറന്റൈനിൽ ഇരിക്കണമെന്നാണ് നിർദേശം. എന്നാൽ ജില്ലയിൽ മത്സരിക്കുന്ന 30 ശതമാനം സ്ഥാനാർത്ഥികളും അൻപതിനു മുകളിൽ പ്രായമുള്ളവരാണ്.

600 കടക്കുന്നത് ആദ്യം

ജില്ലയിൽ ഇതാദ്യമായാണ് രോഗികളുടെ എണ്ണം 600നു മുകളിലെത്തുന്നത്. 623 പേർക്കും സമ്പർക്കത്തിലൂടെയാണ് രോം ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ആറു പേരും രോഗികളായി. 11.6 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 512 പേർ രോഗമുക്തരായി. 15574 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. കോട്ടയം : 54,

ചങ്ങനാശേരി : 34, മുണ്ടക്കയം : 32, മാടപ്പള്ളി : 31, തലയോലപ്പറമ്പ് : 29, തൃക്കൊടിത്താനം: 20 എന്നിവിടങ്ങലിലാണ് രോഗം കൂടുതലായി റിപ്പോർട്ട് ചെയ്തത്.