പൊൻകുന്നം:കാഞ്ഞിരപ്പള്ളി എൻ.എച്ച്.എ.യു.പി.സ്‌കൂൾ അദ്ധ്യാപകൻ വി.എം.അബ്ദുൽ നാസറിന്(നാസർ മുണ്ടക്കയം) രണ്ടു പഞ്ചായത്തുകളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഹാജരാകാൻ നോട്ടീസ്. കാഞ്ഞിരപ്പള്ളിയിലും നെടുംകുന്നത്തും പോളിംഗ് ഓഫീസറായാണ് ഡ്യൂട്ടി നൽകിയിരിക്കുന്നത്.

നേരത്തെ ഇദ്ദേഹം ജോലി ചെയ്ത പൊൻകുന്നം കെ.വി.എൽ.പി.സ്‌കൂളിന്റെ പട്ടികയിലും കാഞ്ഞിരപ്പള്ളിയിലെ സ്‌കൂളിന്റെ പട്ടികയിലും നാസർ ഇടംപിടിച്ചതാണ് പ്രശ്‌നമായത്. കെ.വി.എൽ.പി സ്‌കൂളിൽ അദ്ധ്യാപകനായിരുന്ന നായർ വർക്കിംഗ് അറേഞ്ച്‌മെന്റ് ഭാഗമായി കാഞ്ഞിരപ്പള്ളി സ്‌കൂളിലേക്ക് മാറിയിരുന്നു. കെ.വി.സ്‌കൂളിൽ ഇദ്ദേഹത്തിന്റെ ശമ്പളം ഇപ്പോഴും എഴുതുന്നതിനാൽ അവരും ഇപ്പോൾ ജോലി ചെയ്യുന്ന സ്‌കൂളിന്റെ അധികൃതരും പേര് നിർദ്ദേശിച്ചതാണ് ആശയക്കുഴപ്പത്തിനിടയാക്കിയത്. ഇതുസംബന്ധിച്ച് അദ്ധ്യാപകൻ തിരഞ്ഞെടുപ്പ് അധികൃതർക്ക് കത്ത് നൽകി. ഡ്യൂട്ടി ഏതെങ്കിലും ഒരിടത്തേക്കായി മാറ്റി ലഭിക്കും.