കട്ടപ്പന: ആദ്യം തണുത്തമട്ടിലായിരുന്ന തിരഞ്ഞെടുപ്പ് പ്രചരണം , ഇപ്പോൾ കൊഴുക്കുകയാണ്. മുന്നണി സ്ഥാനാർത്ഥികൾ മൂന്നാംഘട്ട പ്രചരണത്തിന്റെ തിരക്കിലായി. വീടുകൾ കയറിയുള്ള പ്രചരണമാണിപ്പോൾ പുരോഗമിക്കുന്നത്. ഇതോടൊപ്പം ഡിജിറ്റൽ പ്രചരണത്തിലും മുന്നണികൾ ഒട്ടും പിന്നിലല്ല. വ്യത്യസ്തങ്ങളായ പോസ്റ്ററുകളും ദൃശ്യങ്ങളും സ്റ്റാറ്റസ് വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ നിറയുകയാണ്. സ്ഥാനാർത്ഥികളുടെ മുൻകാല പ്രവൃത്തിപരിചയവും സമകാലീന രാഷ്ട്രീയ സാഹചര്യവും മുൻനിർത്തിയാണ് പ്രചരണ സാമഗ്രികൾ ഓരോ ദിവസവും എത്തിക്കൊണ്ടിരിക്കുന്നത്. ഇതോടൊപ്പം വ്യത്യസ്തങ്ങളായ ട്രോളുകളും ഇറങ്ങുന്നുണ്ട്.
കേരള കോൺഗ്രസിനു നിർണായക സ്വാധീനമുള്ള ജില്ല എന്ന നിലയിൽ ആ പാർട്ടിയിലെ പിളർപ്പും ജോസ് വിഭാഗം ഇടതുപക്ഷത്തേയ്ക്ക് മാറിയത്തന്റെ പ്രതിഫലനങ്ങൾ വ്യക്തമാകുന്ന തിരഞ്ഞെടുപ്പ് എന്ന നിലയിലും ഒരു ജീവൻമരണ പേരാട്ടമായാണ് കേരള കോൺഗ്രസ് വിഭാഗങ്ങൾ കാണുന്നത്. സംസ്ഥാനതല നേതാക്കളുടെ വരവ്കൂടി ആരംഭിച്ചതോടെ യോഗങ്ങളും സ്വീകരണങ്ങളും മുറയ്ക്ക് നടക്കുന്നുണ്ട്. നേതാക്കൾ സംസ്ഥാന തല രാഷ്ട്രീയത്തിലെ നിർണ്ണായക പ്രതികരണങ്ങൾ നടത്തുന്നതിന് സന്ദർശനം ഉപയോഗപ്പെടുത്തിയതോടെ പ്രാദേശിക തിരഞ്ഞെടുപ്പിൽനിന്ന് രാഷ്ട്രീയ പോരാട്ടം എന്ന നിലയിലേയ്ക്ക് ചിത്രം മാറിത്തുടങ്ങിയിട്ടുണ്ട്. കൂടുതൽ നേതാക്കൾ എത്തുമ്പോൾ വാദപ്രതിവാദങ്ങൾ കൂടി തിരഞ്ഞെടുപ്പിന്റെ വീറും വാശിയും വരും ദിവസങ്ങളിൽ പാരമ്യതയിലെത്തും.