പാലാ:നഗരത്തിൽ ഇന്നലെ ഒരു സ്ഥാനാർത്ഥി ഉൾപ്പടെ 13 പേർക്ക് കൊവിഡ് സ്ഥീരീകരിച്ചു.ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 29 ആയി ഉയർന്നു. നഗരസഭ 15ാം വാർഡിലെ ഇടതുമുന്നണി സ്ഥാനാർത്ഥി അഡ്വ.ബിനു പുളിക്കകണ്ടത്തിനാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.ഒരു മുൻ കൗൺസിലർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.ബാക്കിയുള്ള 11 പേരിൽ 3 പേർ സർക്കാർ ജീവനക്കാരാണ്.ആശങ്കയുണർത്തും വിധം കൊവിഡ് വ്യാപനം. അധികാരികൾ ഒരു നടപടിയും സ്വീകരിക്കാത്തത് ജനപ്രതിനിധികളെ പോലും അമ്പരപ്പിച്ചിരിക്കുകയാണ്.കൃത്യമായൊരു മാർഗ നർദ്ദേശം നൽകാൻ അധികാരികൾക്ക് കഴിയുന്നില്ലെന്ന് ഇടത് മുന്നണിയിലെ ഒരു പ്രമുഖ നേതാവ് തുറന്നടിച്ചു.
കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥികൾക്ക് കൃത്യമായ മാർഗനിർദ്ദേശങ്ങൾ നേരത്തെ തന്നെ നൽകിയിരുന്നുവെന്ന് വരണാധികാരികൾ പറഞ്ഞു.മാർഗനിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ നടപടിയെടുക്കേണ്ടത് ആരോഗ്യവകുപ്പും പൊലീസുമാണന്നും വരണാധികാരികൾ ചൂണ്ടിക്കാട്ടി.
പ്രചാരണ ഭാഗമായി ആളുകൾ കൂട്ടംകൂടുന്നതും സ്ഥാനാർത്ഥിസംഗമങ്ങൾ നടത്തുന്നതുമൊക്കെ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇക്കാര്യങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്നും ബന്ധപ്പെട്ട വരണാധികാരികൾ പറഞ്ഞു.

ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി ബിനു പുളിക്കക്കണ്ടം കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് പാലാ മുനിസിപ്പാലിറ്റിയിലെ എൽ.ഡി.എഫ് സ്ഥാനാർഥികളുടെ പ്രചരണ പരിപാടികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി ഇലക്ഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.നവംബർ 23ന് ശേഷം എൽഡിഎഫ് സ്ഥാനാർത്ഥികളുടെ കൂട്ടായ പൊതുപരിപാടികൾ നടന്നിട്ടില്ലെന്നും 26ന് ഉച്ചയ്ക്ക് ശേഷമാണ് ബിനുവിന്റെ സുഹൃത്തിന് കൊവിഡ് സ്ഥിരീകരിച്ചതെന്നും നേതാക്കൾ. തുടർന്ന് അദ്ദേഹം സ്വയം നിരീക്ഷണത്തിൽ പോവുകയായിരുന്നു. അദ്ദേഹവുമായി നേരിട്ട്‌ സമ്പർക്കം പുലർത്തിയ എല്ലാവരും സ്വയം ക്വാറന്റൈയിനിൽ പോകണമെന്ന് ഇലക്ഷൻ കമ്മിറ്റി ഭാരവാഹികളായ ഷാർലി മാത്യു,തോമസ് വി.റ്റി., എന്നിവർ അറിയിച്ചു.