bhu

കോട്ടയം : അങ്ങനെ കണ്ണുമടച്ച് വിശ്വസിക്കാൻ കഴിയില്ല അയർക്കുന്നം ഡിവിഷനെ. തക്കവും ലാക്കും നോക്കി എങ്ങോട്ടുവേണേലും ചായും. അയർക്കുമെന്ന പേരിൽ ഡിവിഷനുണ്ടായ ശേഷം നടക്കുന്ന അഞ്ചാമത്തെ തിരഞ്ഞെടുപ്പാണിത്. മുൻപ് രണ്ടുതവണ വീതം യു.ഡി.എഫും എൽ.ഡി.എഫും വിജയിച്ചു. പൊതുവെ യു.ഡി.എഫിന് അനുകൂലമെന്ന് തോന്നാമെങ്കിലും ഇടതു - വലതു മുന്നണികളോട് ഒരു പോലെ ചായ്‌വ് പ്രകടിപ്പിക്കുന്ന ഈ സ്വഭാവമാണ് സ്ഥാനാർത്ഥികളെ ആശങ്കയിലാക്കുന്നതും പ്രതീക്ഷ പകരുന്നതും.

കണക്കിന്റെ പിൻബലം ഇരുകൂട്ടരും ഒരു പോലെ അവകാശപ്പെടാമെങ്കിലും അയർക്കുന്നം മനസറിയാൻ തിരഞ്ഞെടുപ്പു ഫലം വരുന്നതുവരെ കാത്തിരിക്കണം. അയർക്കുന്നം പഞ്ചായത്ത്, മണർകാട് പഞ്ചായത്തിൽ മാലം ഒഴികെയും മാങ്ങാനം ഒഴികെയുള്ള വിജയപുരം പഞ്ചായത്തും ഉൾപ്പെടുന്നതാണ് ഡിവിഷൻ. മൂന്നു പഞ്ചായത്തുകളും നിലവിൽ ഭരിക്കുന്നത് യു.ഡി.എഫാണ്. കേരള കോൺഗ്രസ് മുന്നണി വിട്ടുപോയതിന്റെ ആഘാതമുണ്ടാകുമോയെന്ന ഭയം യു.ഡി.എഫിനുണ്ട്. അയർക്കുന്നം പഞ്ചായത്തിൽ ജോസ് വിഭാഗത്തിന് ശക്തമായ അടിത്തറയുണ്ട്. ഇതാണ് എൽ.ഡി.എഫ് പ്രതീക്ഷ. കരുത്തനെ രംഗത്തിറക്കി ബി.ജെ.പിയും പ്രചാരണ രംഗത്ത് സജീവമാണ്.

 റെജി എം.ഫിലിപ്പോസ് (യു.ഡി.എഫ്)
കെ.എസ്.യുവിലൂടെ സജീവ രാഷ്ട്രീയത്തിലെത്തിയ റെജി എം. ഫിലിപ്പോസാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. കെ.എസ്.യു ജില്ലാ പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി, പള്ളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, മണർകാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള റെജി നിരവധി സാംസ്കാരിക സംഘടനകളുടെ ചുമതലകളും വഹിച്ചിട്ടുണ്ട്. മണ്ഡലത്തിലുടനീളമുള്ള വ്യക്തി ബന്ധവും മുന്നണിയ്ക്കുള്ള സ്വാധീനവുമാണ് യു.ഡി.എഫ് കരുത്ത്. എന്നാൽ, സ്ഥനാർത്ഥി നിർണയത്തിന്റെ പേരിലുണ്ടായ അനിശ്ചിത്വങ്ങൾ ആശങ്കയാകുമോയെന്ന ഭയം കോൺഗ്രസിനും മുന്നണിയ്ക്കുമുണ്ട്. എ ഗ്രൂപ്പ് സ്ഥാനാർത്ഥിയെ വരെ പ്രഖ്യാപിച്ചതിനിടെ ഐ ഗ്രൂപ്പ് ഡിവിഷൻ ഏറ്റെടുക്കുകയായിരുന്നു.

 ജോസഫ് ചാമക്കാല (എൽ.ഡി.എഫ്)
അയർക്കുന്നം പഞ്ചായത്തിൽ 25 വർഷം മെമ്പറായ ജോസഫ് ചാമക്കാലയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. കഴിഞ്ഞ തവണ വരെ സി.പി.എം മത്സരിച്ചിരുന്ന ഡിവിഷൻ ഇത്തവണ ജോസ് വിഭാഗത്തിന് വിട്ടുനൽകുകയായിരുന്നു. മൂന്നു തവണ അയർക്കുന്നം പഞ്ചായത്ത് പ്രസിഡന്റായ ചാമക്കാല കേരള കോൺഗ്രസ് എമ്മിന്റെ ഓഫീസ് ചുമതലയുള്ള ജനറൽസെക്രട്ടറിയാണ്. കെ.എസ്.സിയിലൂടെ പൊതുരംഗത്തെത്തിയ ഇദ്ദേഹം എറണാകുളം, കോട്ടയം ജില്ലാപ്രസിഡന്റും യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന സെക്രട്ടറിയുമായിരുന്നു. രണ്ടുതവണ ജില്ലാബാങ്ക് ഭരണസമിതിയംഗമായി. എൽ.ഡി.എഫിന്റെ ശക്തമായ ചട്ടക്കൂടും ചാമക്കാലയ്ക്കും കേരളാ കോൺഗ്രസിനും ഡിവിഷനിലുള്ള സ്വാധീനവുമാണ് എൽ.ഡി.എഫിന്റെ വിജയ പ്രതീക്ഷ.


 കെ.പി ഭുവനേശ് (ബി.ജെ.പി)

കെ.പി.ഭുവനേശെന്ന ശക്തനായ പോരാളിയെയാണ് ബി.ജെ.പി രംഗത്തിറക്കിയിരിക്കുന്നത്. ആർ.എസ്.എസിലുടെ രംഗത്തെത്തി ബി.ജെ.പി ജില്ലാ ഉപാദ്ധ്യക്ഷൻ വരെയായി തിളങ്ങിയിട്ടുള്ള ഭുവനേശ് വടവാതൂർ മാലിന്യ സംസ്‌കരണ കേന്ദ്രവുമായി ബന്ധപ്പെട്ട സമരത്തിലുൾപ്പെടെ സജീവമായിരുന്നു.

നിർണായകം

 എൽ.ഡി.എഫിനും യു.ഡി.എഫിനും ഒരുപോലെ സ്വാധീനം

 കോൺഗ്രസിലെ ഗ്രൂപ്പ് പോര്

 സാമുദായിക സമവാക്യങ്ങൾ