elect

കോട്ടയം : നാട്ടിലെ ഓരോ വോട്ടും പെട്ടിയിലാക്കാൻ ജാഗ്രതയോടെ റോന്തു ചുറ്റുന്ന സ്ഥാനാർത്ഥികൾ. ഗ്രാമീണ മേഖലകളിൽ ഓരോ വോട്ടറെയും നേരിട്ടറിയാം, മിക്കവാറും സ്ഥാനാർത്ഥികൾക്ക്. നഗര മേഖലകളിൽ അത്രത്തോളം പരിചയം സൃഷ്ടിക്കുക അല്പം പ്രയാസം. ഗ്രാമങ്ങളിൽ സ്ഥാനാർത്ഥികളും വോട്ടർമാരും തമ്മിൽ 'ഹായ് ' വിളികൾക്കപ്പുറം പരിചയത്തിന്റെ അന്തർധാര സജീവമാണ്. ആ സൗഹൃദച്ചരടിന്റെ ബലപരീക്ഷണം കൂടിയാണ് തദ്ദേശ തിരഞ്ഞെടുപ്പ്. തീവ്രരാഷ്ട്രീയ നിലപാടുകൾക്കപ്പുറം, സ്ഥാനാർത്ഥിയുടെ വ്യക്തി സവിശേഷതകൾ കൂടി പരിഗണിച്ചാകും വിലപ്പെട്ട വോട്ടുകൾ വീഴുക. തീവ്രരാഷ്ട്രീയ വോട്ടുകൾ മല പോലെ ഉറച്ചിരിക്കുമ്പോൾ, സൗഹൃദ വോട്ടുകൾ ഏതു പക്ഷത്തേയ്ക്ക് ചായുമെന്ന് വോട്ടെണ്ണുമ്പോഴേ മനസ്സിലാകൂ !

എല്ലായിടത്തുമില്ല ത്രിതലം

ത്രിതല തിരഞ്ഞെടുപ്പെന്ന് പറഞ്ഞാലും നാട്ടിൽ എല്ലായിടത്തും 'ത്രിതല' വോട്ടെടുപ്പില്ല! നഗരസഭാ പരിധികളിലെ വോട്ടർമാർക്ക് സ്വന്തം ഡിവിഷൻ കൗൺസിലർ അഥവാ വാർഡ് അംഗത്തെ മാത്രമേ തിരഞ്ഞെടുക്കാനാകൂ. ഒരൊറ്റ വോട്ടിൽ തിരഞ്ഞെടുപ്പ് പൂർത്തിയാകും. മറ്റൊരു വോട്ടിന് വകുപ്പില്ല. പക്ഷേ, ഗ്രാമ പഞ്ചായത്ത് മേഖലകളിൽ താമസിക്കുന്ന വോട്ടർമാർ വോട്ടിന്റെ കാര്യത്തിൽ അതിസമ്പന്നരാണ്. അവർക്ക് ഒന്നല്ല 3 വോട്ടു ചെയ്യാം. ആദ്യത്തേതു ഗ്രാമ പഞ്ചായത്ത് അംഗത്തെ തിരഞ്ഞടുക്കാൻ. അടുത്തതു ബ്ലോക്ക് പഞ്ചായത്തിലേക്ക്. ഇനിയൊരെണ്ണം ജില്ലാ പഞ്ചായത്ത് അംഗത്തിനായി.

നേരിട്ടു കണ്ടില്ലേലും വോട്ടെനിക്ക്

പേരിൽ പഞ്ചായത്തുണ്ടെങ്കിലും പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളുടെ പ്രചരണ രീതികളിൽ ചെറിയ വ്യത്യാസമുണ്ട്. പഞ്ചായത്ത് അംഗത്തിന് സ്വന്തം വാർഡിലെ വോട്ടർമാരുടെ 'അനുഗ്രഹം' മാത്രം മതി. വാർഡുകളുടെ വലുപ്പം അനുസരിച്ച് വോട്ടർമാരുടെ എണ്ണത്തിൽ വ്യത്യാസമുണ്ടാകുമെങ്കിലും ശരാശരി 1000 – 1,500 വോട്ടർമാരേ ഉണ്ടാകൂ. പലവട്ടം അവരെ നേരിൽക്കാണാനും വോട്ടു തേടാനും സൗഹൃദം പുതുക്കാനുമൊക്കെ സമയം കിട്ടും. അഞ്ചോ ആറോ ഗ്രാമപഞ്ചായത്ത് വാർഡുകൾ ഉൾപ്പെട്ടതാണു ബ്ലോക്ക് ഡിവിഷൻ. ബ്ലോക്ക് സ്ഥാനാർത്ഥികൾക്ക് മുഴുവൻ വോട്ടർമാരെയും നേരിൽക്കാണുക എളുപ്പമല്ല. എങ്കിലും മിക്ക ബ്ലോക്ക് സ്ഥാനാർഥികളും തങ്ങളുടെ മുന്നണിയുടെ ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥികൾക്കൊപ്പം വീടു കയറ്റത്തിന് സമയം കണ്ടെത്താറുണ്ട്. എങ്കിലും, എല്ലായിടത്തും നേരിട്ടെത്തുക പ്രയാസം. ഒന്നിലേറെ പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷൻ. ഓരോ വോട്ടറെയും നേരിൽക്കണ്ടുള്ള വോട്ട് ചോദ്യം ആലോചിക്കുക പോലും പ്രയാസം. പ്രമുഖ വ്യക്തികളിലും സ്ഥാപനങ്ങളിലും മറ്റുമായി നേരിട്ടുള്ള വോട്ടു തേടൽ പരിമിതപ്പെടും. കൺവെൻഷനുകളും ഉച്ചഭാഷിണി അനൗൺസ്‌മെന്റുകളും കവല യോഗങ്ങളും മറ്റുമാണ് അവരുടെ പ്രചരണ മാർഗങ്ങൾ.

ഡിജിറ്റൽ തുല്യത

നോട്ടീസ്, പോസ്റ്റർ, കട്ടൗട്ട്, ഡിജിറ്റൽ പ്രചാരണ ഉപാധികൾ ഉപയോഗിക്കുന്നതിൽ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് വേർതിരിവുകളില്ല. പ്രമുഖ മുന്നണികൾ അവരുടെ 3 സ്ഥാനാർത്ഥികളുടെയും നോട്ടീസുകൾ ഒരുമിച്ച് വോട്ടർമാരിലെത്തിക്കാൻ ശ്രമിക്കാറുണ്ട്. എങ്കിലും, ആദ്യമെത്തുക അയൽപക്കത്തുള്ള സ്വന്തം സ്ഥാനാർത്ഥിയുടെ തന്നെ.