കോട്ടയം: കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കിയ ഗുണ്ട അലോട്ടി ജയിലിൽ നിന്നും ഫോണിൽ വിളിച്ച് യുവാവിനെ ഭീഷണിപ്പെടുത്തിയതായി പരാതി. ആർപ്പൂക്കര സ്വദേശിയാണ് ജില്ലാ പൊലീസ് മേധാവി ജി.ജയദേവിനു പരാതി നൽകിയിരിക്കുന്നത്. ജില്ലാ പൊലീസ് കാപ്പ ചുമത്തിയ ആർപ്പൂക്കര കൊപ്രായിൽ വീട്ടിൽ ജെയിസ്‌മോൻ ജേക്കബ് (അലോട്ടി 27) നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിലാണ് കരുതൽ തടങ്കലിൽ കഴിയുകയാണ്.

കഴിഞ്ഞദിവസം പുലർച്ചെ ആറരയ്ക്കാണ് ആർപ്പൂക്കര സ്വദേശിയായ യുവാവിന്റെ ഫോണിലേയ്ക്കു ഭീഷണി എത്തിയത്. ഞാൻ അലോട്ടിയാണെന്ന് ഭീഷണി മുഴക്കിയശേഷം, നീ ഇനി അധികകാലം ജീവനോടെ ഉണ്ടാകില്ലെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതേ തുടർന്നാണ് യുവാവ് ജില്ലാ പൊലീസ് മേധാവിയ്ക്കു പരാതി നൽകിയത്. കടുത്തുരുത്തിയിൽ അറുപത് കിലോ കഞ്ചാവ് വിൽപ്പനയ്ക്ക് എത്തിച്ച കേസിൽ പൊലീസ് പിടികൂടിയ അലോട്ടി കഴിഞ്ഞ മൂന്നു മാസത്തിലേറെയായി റിമാൻഡിലായിരുന്നു. ഇതിനിടെയാണ് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഐജി അലോട്ടിയ്‌ക്കെതിരെ കാപ്പ ചുമത്തിയത്. തുടർന്നാണ് പാലാ സബ് ജയിലിൽ നിന്നും അലോട്ടിയെ പൂജപ്പുര സെൻട്രൽ ജയിലിലേയ്ക്ക് മാറ്റിയത്.

കഞ്ചാവ് കേസിൽ കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്ത ശേഷം പാലാ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ കഴിയുന്നതിനിടെ അലോട്ടി മറ്റൊരു ഗുണ്ടയായ അരുൺ ഗോപനെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നു. അലോട്ടി ജയിലിലായെങ്കിലും പനമ്പാലം ആർപ്പൂക്കര പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള യുവാക്കൾ ഇപ്പോഴും കഞ്ചാവുമായി തമ്പടിച്ചിട്ടുണ്ട്. അലോട്ടിയുടെ പേരു പറഞ്ഞാണ് ഇപ്പോൾ ഈ യുവാക്കൾ പ്രദേശത്ത് കഞ്ചാവ് കച്ചവടം നടത്തുന്നത്. ഈ സാഹചര്യത്തിൽ പ്രദേശത്ത് പൊലീസും എക്‌സൈസും പരിശോധന ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

dd