election

കോട്ടയം : ജില്ലയിലെ തദ്ദേശ തിരഞ്ഞെടുപ്പ് മത്സരക്കളത്തിൽ കരുത്തുകാട്ടാൻ പെൺപട. 50ശതമാനം സീറ്റുകളിൽ വനിതാസംവരണം വേണമെന്നാണ് നിയമം. എന്നാൽ 53 ശതമാനമുണ്ട് വനിതാ സ്ഥാനാർത്ഥികൾ. സംവരണ സീറ്റുകൾക്ക് പുറമെ ജനറൽ സീറ്റുകളിലും ആത്മവിശ്വാസത്തോടെ സ്ത്രീകൾ മത്സരിക്കാൻ എത്തിയതോടെയാണ് ജില്ലയിലെ ശതമാനക്കണക്ക് അൻപതിനു മുകളിലേക്ക് ഉയർന്നത്. ആകെ 5,432 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ഇതിൽ 2822 വനിതകളും, 2610 പുരുഷന്മാരുമുണ്ട്.

 കുറവ് ജില്ലാ പഞ്ചായത്തിൽ

ഗ്രാമ - ബ്ളോക്ക് പഞ്ചായത്തുകളേക്കാൾ വനിതാ സ്ഥാനാർത്ഥികൾ കുറവ് ജില്ലാ പഞ്ചായത്തിലാണ് 22 ഡിവിഷനുകളിലായി ആകെ മത്സരിക്കുന്നത് 89 സ്ഥാനാർത്ഥികൾ. ഇതിൽ 39 വനിതകളും 50 പുരുഷൻമാരും. സംവരണ സീറ്റുകളിൽ മാത്രമാണ് വനിതകൾ മത്സരിക്കുന്നത്. ജനറൽ സീറ്റുകളിൽ വനിതകളില്ലാത്തതും സംവരണ സീറ്റുകളിൽ സ്വതന്ത്ര വനിതകൾ കുറവായതുമാണ് പുരുഷൻമാരുടെ എണ്ണം കൂടാൻ കാരണം.

ബ്ലോക്കിൽ

11 ബ്ലോക്ക് പഞ്ചായത്തുകളിലെ 146 ഡിവിഷനുകളിലായി 491 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. ഇവിടെയും മുൻതൂക്കം വനിതകൾക്കാണ്. 254 വനിതകളും 237 പുരുഷൻമാരും.


പഞ്ചായത്ത്
71 പഞ്ചായത്തുകളിലെ 1140 വാർഡുകളിലായി 4118 സ്ഥാനാർത്ഥികൾ. 1962 പുരുഷൻമാരും 2156 വനിതകളും.


നഗരസഭകൾ

6 നഗരസഭകളിലെ 204 വാർഡുകളിലായി ആകെ 734 സ്ഥാനാർത്ഥികളുണ്ട്. 361 പുരുഷൻമാരും 373 വനിതകളും.