jaya

കോട്ടയം: കഴിഞ്ഞ തവണ ഭാര്യമാർ മത്സരിച്ച വാർഡിൽ ഇക്കുറി ബലപരീക്ഷണത്തിനിറങ്ങിയത് ഭർത്താക്കന്മാർ. ഓരോ പാർട്ടികൾ മാറിമാറിയെത്തിയ സ്ഥാനാർത്ഥികളാകട്ടെ എല്ലാ അർത്ഥത്തിലും ഗസ്റ്റ് ആർട്ടിസ്റ്റുകളും. കോട്ടയം നഗരസഭയിലെ 22 ആം വാർഡ് ചിറയിൽപ്പാടത്താണ് കഴിഞ്ഞ തവണ മത്സരിച്ച സ്ഥാനാർത്ഥികളുടെ ഭർത്താക്കൻമാർ ഏറ്റുമുട്ടുന്നത്. മൂന്ന് സ്ഥാനാർത്ഥികൾ പാർട്ടി മാറി മത്സരിക്കുമ്പോൾ, ഒരു സ്ഥാനാർത്ഥി സ്വന്തം വാർഡിൽ നിന്നു തന്നെ മാറിയാണ് മത്സരിക്കുന്നത്.

കഴിഞ്ഞ തവണ സ്വതന്ത്രയായി മത്സരിച്ചു ജയിച്ചശേഷം കേരള കോൺഗ്രസിൽ ചേർന്ന അനൂഷ കൃഷ്‌ണന്റെ ഭർത്താവ് ജയകൃഷ്‌ണൻ, ഇക്കുറി ഈ വാർഡിലിറങ്ങുന്നത് കോൺഗ്രസ് സ്ഥാനാർത്ഥിയായാണ്. ഇതേ വാർഡിൽ അനൂഷയുടെ എതിർസ്ഥാനാർത്ഥിയായിരുന്ന അഞ്ജു സജീവിന്റെ ഭർത്താവ് ജി.സജീവ് രണ്ടില ചിഹ്നത്തിൽ മത്സരിക്കുമ്പോൾ, കഴിഞ്ഞ തവണത്തെ ഇടതു മുന്നണി സ്ഥനാർത്ഥി ലിൻസി മാത്യുവിന്റെ ഭർത്താവ് മാത്യു മൈക്കിൾ 'കറ്റയേന്തിയ കർഷക സ്‌ത്രീ"യുമായി രംഗത്തുണ്ട്. മുൻ കോൺഗ്രസ് കൗൺസിലറായ നാരായണൻ നായരാണ് ഇക്കുറി ബി.ജെ.പി സ്ഥാനാർത്ഥി. ജയകൃഷ്‌ണനും സജീവും നാരായണൻ നായരും പാർട്ടി മാറി മത്സരിക്കാനെത്തുമ്പോൾ സ്വന്തം വാർഡിൽ നിന്നു തന്നെ മാറിയാണ് മാത്യു മൈക്കിൾ മത്സരിക്കുന്നത്.

നേരത്തെ കോൺഗ്രസിന്റെ കൗൺസിലറായിരുന്നു ജയകൃഷ്‌ണൻ. കൂറുമാറി വോട്ട് ചെയ്‌തതിനെ തുടർന്ന് ആറു വർഷം അയോഗ്യനാക്കപ്പെട്ടതോടെ ജയകൃഷ്‌ണൻ ഭാര്യയെ മത്സരിപ്പിക്കുകയും, ഇരുവരും പിന്നീട് കേരള കോൺഗ്രസിൽ ചേരുകയുമായിരുന്നു.