ആറ്റുതീരങ്ങളിൽ നിന്ന് കടത്തുന്നത് ലോഡ് കണക്കിന് മണൽ
ഈരാറ്റുപേട്ട: വേനലെത്തിയതോടെ ഈരാറ്റുപേട്ട മേഖലയിൽ വീണ്ടും മണൽവാരൽ വ്യാപകം. ജലനിരപ്പ് താഴ്ന്നതോടെ ആറ്റുതീരങ്ങളിൽ നിന്ന് ലോഡ് കണക്കിന് മണലാണ് ലോറികളിൽ മണൽമാഫിയ കടത്തുന്നത്. തീക്കോയി ആറ്റിലാണ് രാവും പകലും മണലൂറ്റ് നടക്കുന്നത്. ഇവിടെ നിന്നും മാത്രം 25 ലോഡിനടുത്ത് മണ്ണ് ദിവസവും ലോറികളിൽ കടത്തുന്നതായി നാട്ടുകാർ പറയുന്നു. തീക്കോയി പള്ളിക്ക് സമീപത്തെ കടവിലാണ് പകൽ സമയത്ത് പോലും മണലൂറ്റ് നടക്കുന്നത്. വേനൽകാലമെത്തിയതോടെ ഇവിടെ പല ഭാഗങ്ങളിലായി കിലോ മീറ്ററോളം ദൂരം മണൽതിട്ട രൂപപ്പെട്ടിട്ടുണ്ട്. ജലനിരപ്പ് താഴ്ന്നതോടെ ലോറി ആറ്റ് തീരത്തേക്ക് എത്തിച്ചാണ് മണൽ കയറ്റുന്നത്. ഈ ഭാഗത്ത് ഇല്ലിക്കൂട്ടം ആറ്റിലേക്ക് പടർന്നുകിടക്കുന്നതിനാൽ പകൽ സമയത്ത് മണൽ വാരുന്നത് പലപ്പോഴും നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടാറില്ല. സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ ലോഡ് കണക്കിന് മണൽ വാരിയിട്ടിരിക്കുന്നതും കാണാം. പലതവണ പരാതി ഉയർന്നിട്ടും റവന്യു വകുപ്പ് അധികൃതർ ഉൾപ്പെടെയുള്ളവർ പ്രദേശത്ത് പരിശോധനയ്ക്ക് എത്തുന്നില്ലെന്നും ആക്ഷേപമുണ്ട്.
ലോറിയെത്തിക്കും രഹസ്യമായി...
മണൽവാരൽ നടക്കുന്ന കടവിന് സമീപം പൊതുവേ വീടുുകൾ കുറവാണ്. ഇവിടുത്തെ ആളൊഴിഞ്ഞ പുരയിടത്തിലൂടെയാണ് മണൽ കടത്താനുള്ള വാഹനങ്ങൾ മണൽമാഫിയ കടവിലേക്ക് എത്തിക്കുന്നത്.