പാലാ: പാലായിൽ മുന്നണികൾക്ക് ഇപ്പോൾ കൊവിഡാണ് ആയുധം ! കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി രോഗം ക്ഷണിച്ചുവരുത്തുകയാണെന്ന് മുന്നണികൾ പരസ്പരം ആരോപണം ഉന്നയിക്കുകയാണ്. സ്ഥാനാർത്ഥി പര്യടനങ്ങൾ പലയിടങ്ങളിലും ജനങ്ങളിൽ ആശങ്ക ജനിപ്പിക്കുംവിധമെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം യു.ഡി.എഫിന്റെ സ്ഥാനാർത്ഥി സംഗമത്തിൽ സംബന്ധിച്ച ടൗൺ വാർഡ് സ്ഥാനാർത്ഥിക്ക് കൊവിഡ് സ്ഥിരീകരിച്ചത് മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തിയ പ്രചരണത്തെ തുടർന്നാണെന്ന് ഇടതുപക്ഷം ആരോപിച്ചിരുന്നു. തുടർന്നാണ് കഴിഞ്ഞ ദിവസം ഇടതുപക്ഷ സ്ഥാനാർത്ഥി ബിനു പുളിക്കക്കണ്ടത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇപ്പോൾ ബിനു പുളിക്കക്കണ്ടത്തിനെതിരെയാണ് യു.ഡി.എഫ് രംഗത്തുവന്നിരിക്കുന്നത്.

ബിനുവിന്റെ സമ്പർക്കപ്പട്ടിക വിപുലമാണെന്നും അദ്ദേഹവുമായി സമ്പർക്കത്തിലേർപ്പെട്ടിട്ടുള്ള ഇടതു സ്ഥാനാർത്ഥികളും നേതാക്കളും ക്വാറൻറൈനിൽ പോകണമെന്നുമാണ് നഗരസഭയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമായ പ്രൊഫ. സതീഷ് ചൊള്ളാനി ആരോപിക്കുന്നത്. ആദ്യം യു.ഡി.എഫിന്റെ ടൗൺ വാർഡ് സ്ഥാനാർഥി ജോഷി വട്ടക്കുന്നേലിന് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ ഇടതുപക്ഷം രംഗത്തുവരികയും ജോഷി പങ്കെടുത്ത സ്ഥാനാർത്ഥിസംഗമത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവരികയും ചെയ്തിരുന്നു. ഇതോടെ ഈ യോഗത്തിൽ പങ്കെടുത്ത 26 സ്ഥാനാർഥികളും നേതാക്കളും ക്വാറൻറൈനിൽ പോകേണ്ടിവന്നു. ഇപ്പോൽ അഡ്വ.ബിനു പുളിക്കക്കണ്ടത്തിന്റെ കാര്യത്തിലും സമാനമായ ആരോപണമാണ് യു.ഡി.എഫ് ഉന്നയിക്കുന്നത്. രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പുള്ള ദിവസങ്ങളിൽ ബിനു നഗരസഭയിലെ വിവിധ വാർഡ് കൺവെൻഷനുകളിൽ പങ്കെടുത്തിട്ടുണ്ടെന്നും ആ വാർഡുകളിലെ സ്ഥാനാർത്ഥികളും നേതാക്കളും ക്വാറൻറൈനിൽ പോകണമെന്നുമാണ് യു.ഡി.എഫിന്റെ ആവശ്യം.അതേസമയം സ്വന്തം വാർഡിലെ കുടുംബസംഗമത്തിൽപ്പോലും പങ്കെടുത്തിട്ടില്ലെന്ന് ബിനു പറയുന്നു.