വൈക്കം: ഉദയനാപുരം ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൃക്കാർത്തിക ദർശനം ഭക്തിനിർഭരമായി. വടക്കുംചേരിമേൽ എഴുന്നള്ളിപ്പ് ക്ഷേത്രം വിട്ട് പോയതിനു ശേഷം രാവിലെ 7.30 നാണ് തൃക്കാർത്തിക ദർശനത്തിനായി നട തുറന്നത്. താരാകസുര നിഗ്രഹം കഴിഞ്ഞ് വിജയശ്രീലാളിതനായി വരുന്ന ദേവസേനാപതിയായ ഉദയനാപുരത്തപ്പന് ദേവഗണങ്ങൾ നിറദീപം തെളിയിച്ച് വരവേറ്റ മൂഹൂർത്തമാണ് കാർത്തികയായി കൊണ്ടാടുന്നത്.

വടക്കും ചേരിമേൽ എഴുന്നള്ളിപ്പ്
ആചാര തനിമയിൽ ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ വടക്കും ചേരിമേൽ എഴുന്നള്ളിപ്പ്. എഴുന്നള്ളിപ്പിന് ഗജവീരൻ തോട്ടയ്ക്കാട് കണ്ണൻ തിടമ്പേറ്റി.ചെമ്പ് ദേശം വരെ പോകുന്ന എഴുന്നള്ളിപ്പ് അവിടെ വച്ച് 3 പ്രാവിശ്യം ശംഖ് കമഴ്ത്തി പിടിച്ച് വിളിച്ച ശേഷം തിരിച്ചു എഴുന്നള്ളും. ആചാരപ്രകാരം കൂട്ടുമ്മേൽ ക്ഷേത്രത്തിൽ ഇറക്കി പൂജയും നിവേദ്യവുമുണ്ട്. വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ നാലമ്പലത്തിന് തെക്കു ഭാഗത്ത് കുടികൊള്ളുന്ന പനച്ചിക്കൽ ഭഗവതിയുമായുള്ള ബന്ധമാണ് തെക്കും ചേരീമേൽ വടക്കും ചേരിമേൽ എഴുന്നള്ളിപ്പ് സൂചിപ്പിക്കുന്നത്.