വൈക്കം: മഹാദേവ ക്ഷേത്രത്തിൽ ഇന്ന് രാത്രി 10ന് കൂടിപ്പൂജവിളക്ക് നടക്കും. ഉദയനാപുരം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കാർത്തിക ഉത്സവത്തിന്റെ സമാപന ചടങ്ങായ ആറാട്ടിന് ശേഷമാണ് കൂടിപ്പൂജ. ഉദയനാപുരത്തപ്പനെ വൈക്കത്തപ്പന്റെ ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ച് താന്ത്രിക ആചാരപ്രകാരം ഒരേ പീഠത്തിലിരുത്തിയാണ് പൂജകൾ നടത്തുന്നത്. അച്ഛനായ വൈക്കത്തപ്പന്റെ മടിയിൽ മകനായ ഉദയനാപുരത്തപ്പൻ ഇരിക്കുന്നു എന്നാണ് വിശ്വാസം. തുടർന്ന് മണ്ഡപത്തിൽ പീഠത്തിലിരുത്തി തന്ത്രിമാരുടെ കാർമ്മികത്വത്തിൽ പൂജാദികർമ്മങ്ങൾ നടത്തും. പിന്നീട് ഇരുദേവൻമാരെയും പുറത്തേക്ക് എഴുന്നള്ളിക്കുന്നതോടെ കൂടിപ്പൂജ വിളക്ക് ആരംഭിക്കും.