കട്ടപ്പന: കർഷകരെ സംരക്ഷിക്കാൻ കേന്ദ്രസംസ്ഥാന സർക്കാരുകൾ തയാറാകുന്നില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ജില്ലാ പഞ്ചായത്ത് പാമ്പാടുംപാറ ഡിവിഷനിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി ജോയി തോമസിന്റെ തെരഞ്ഞെടുപ്പ് പ്രചരണം തൂക്കുപാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകരെ ദ്രോഹിക്കുന്ന നിലപാടിൽ നരേന്ദ്രമോദിയും പിണറായിയും ഒരു പോലെയാണ്. യു.ഡി.എഫ്. സർക്കാർ കൂടുതൽ പട്ടയം വിതരണം ചെയ്തപ്പോൾ, ഉപാധിരഹിതമായിരിക്കണമെന്നു പറഞ്ഞ് സമരം നടത്തിയവർ അതേ പട്ടയമാണ് നൽകുന്നത്.
ഇടുക്കിയിൽ നിർമാണ നിരോധനം ഏർപ്പെടുത്താൻ സർക്കാരിന് തിടുക്കമാണ്. വാളയാർ കേസിൽ സി.ബി.ഐ. അന്വേഷണം ഒഴിവാക്കാൻ സർക്കാർ അഭിഭാഷകരെ നിരത്തി ആ കുടുംബത്തെ ദ്രോഹിക്കുകയാണ്. ഇതിനെല്ലാമുള്ള തിരിച്ചടി തെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. കോൺഗ്രസ് നെടുങ്കണ്ടം ബ്ലോക്ക് പ്രസിഡന്റ് ഷാജി പുള്ളോലിൽ അദ്ധ്യക്ഷത വഹിച്ചു.
ഡി.സി.സി. പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ, കെ.പി.സി.സി. ജനറൽ സെക്രട്ടറി റോയി കെ.പൗലോസ്, സ്ഥാനാർത്ഥി ജോയി തോമസ്, നേതാക്കളായ ഇ.എം. ആഗസ്തി, എസ്. അശോകൻ, എം.എൻ. ഗോപി, തോമസ് രാജൻ, പി.എസ്. യൂനസ്, കെ. മുഹമ്മദ് മൗലവി, സേനാപതി വേണു, ജി. മുരളീധരൻ, സി.എസ്. യശോധരൻ, മുകേഷ് മോഹൻ തുടങ്ങിയവർ പങ്കെടുത്തു.