കറുകച്ചാൽ : ഒരുമാസത്തിനുള്ളിൽ കറുകച്ചാൽ പൊലീസ് സ്റ്റേഷനിലെ 26 പേർക്ക് കൊവിഡ് ബാധിച്ചതോടെ നാട്ടുകാരും ആശങ്കയിൽ. സമ്പർക്കം പുലർത്തുന്ന പൊലീസുകാരെ ക്വാറന്റൈന് വിടാതെ പൊതുസ്ഥലത്ത് ഡ്യൂട്ടിയ്ക്ക് നിയോഗിക്കുകയാണ്. കഴിഞ്ഞ മാസം മുതലാണ് സ്റ്റേഷനിൽ രോഗം വ്യാപിച്ചത്. 34 പൊലീസാകരിൽ 26 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരെ സ്റ്റേഷനോട് ചേർന്നുള്ള ക്വാർട്ടേഴ്സിലാണ് പാർപ്പിച്ചിരിക്കുന്നത്. ഇതിനിടെയാണ് പകരം ഡ്യൂട്ടിക്കായി മറ്റ് സ്റ്റേഷനിൽ നിന്നെത്തിയ രണ്ട് പേർക്കും രോഗം ബാധിച്ചത്. ട്രാഫിക് പരിശോധനയും കേസന്വേഷണവും അടക്കം പൊതുജനങ്ങളുമായി സമ്പർക്കം പുലർത്തുകയാണ് ഇവരെല്ലാം. എല്ലാ ആഴ്ചയിലും നടത്തുന്ന ടെസ്റ്റിലാണ് രോഗബാധിതരെ കണ്ടെത്തിയത്.