മാടപ്പള്ളി : ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്ക്. നാലുന്നാക്കൽ കാലായിൽ നിബിൻ ജോസഫ് (21) നാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി എട്ടോടെ വാഴൂർ റോഡിൽ പൂവത്തുംമൂടിനു സമീപമാണ് അപകടം. ഇടിയുടെ ആഘാതത്തിൽ നിബിന്റെ വലതുകൈയുടെ മോതിരവിരൽ കാറിന്റെ ഡോറിനിടയിൽപ്പെട്ട് അറ്റുപോയി. നാട്ടുകാർ ചേർന്ന് നിബിനെ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് കാറിന്റെ ഡോറിനിടയിൽ അകപ്പെട്ട കൈവിരൽ കണ്ടെത്തിയത്. കൈവിരൽ നാട്ടുകാർ തുണിയിൽ പൊതിഞ്ഞുകെട്ടി ചെത്തിപ്പുഴ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനെ തുടർന്ന് യുവാവിനെ പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പ്ലാസ്റ്റിക് സർജറിയിലൂടെ തുന്നിച്ചേർക്കുന്നതിനായി വിരൽ ഐസ് ബാഗിലാക്കി മെഡിക്കൽ കോളജിലേക്ക് അയച്ചു. തൃക്കൊടിത്താനം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.