അടിമാലി: സൂര്യോദയ കാഴ്ചയ്ക്ക് കേരളത്തിൽ പ്രശസ്തമായ ആദ്യ 10 സ്ഥലങ്ങളിൽ ഒന്നാമതായ കൊളുക്കുമല സഞ്ചാരികളെ മാടി വിളിക്കുന്നു. എട്ട് മാസത്തിനു ശേഷം കൊളുക്കുമലയിലെ ആദ്യ സൂര്യോദയം കാണാനെത്തിയത് നടിയും നിർമാതാവുമായ സാന്ദ്ര തോമസും കുടുംബവുമാണ്. ഭർത്താവ് വിൽസൺ തോമസ്, മക്കളായ ഉമ്മിണിതങ്ക, ഉമ്മുക്കുൽസു എന്നിവരും സാന്ദ്രയോടൊപ്പമുണ്ടായിരുന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ മാർച്ച് 30 നാണ് കൊളുക്കുമലയില ട്രക്കിംഗിന് ജില്ല ഭരണകൂടം വിലക്കേർപ്പെടുത്തിയത്. ഒരു മാസം മുമ്പ് ജില്ലയിലെ മറ്റെല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും തുറക്കാൻ നടപടി സ്വീകരിച്ചിട്ടും കൊളുക്കുമലയിലേക്ക് മാത്രം സഞ്ചാരികളെ കയറ്റി വിട്ടിരുന്നില്ല. സുര്യനെല്ലിയിൽ നിന്ന് 12 കിലോമീറ്ററോളം ദുർഘട പാത താണ്ടണം കൊളുക്കുമലയിലെത്താൻ. ജീപ്പ് മാത്രമേ ഈ വഴി പോകൂ. സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയതോടെ ഇവിടെ സർവീസ് നടത്തിയിരുന്ന നൂറിലധികം ജീപ്പ് ഡ്രൈവർമാർ ജോലിയും വരുമാനവും ഇല്ലാതെ ബുദ്ധിമുട്ടിലായിരുന്നു. സഞ്ചാരികൾക്ക് പ്രവേശനാനുമതി നൽകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഡ്രൈവർമാരും വ്യാപാരികളും ചിന്നക്കനാൽ പഞ്ചായത്ത് ആഫിസിനു മുന്നിൽ പ്രതിഷേധ സമരം നടത്തി. ഈ സമയം ഇതു വഴി തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് ഡ്രൈവർമാരുമായി ചർച്ച നടത്തിയതോടെയാണ് പ്രതിഷേധ സമരം അവസാനിച്ചത്. തുടർന്ന് കൊച്ചുത്രേസ്യ പൗലോസിന്റെ നേതൃത്വത്തിൽ വിവിധ ഡ്രൈവേഴ്‌സ് യൂണിയൻ നേതാക്കൾ ദേവികുളം ആർ.ഡി.ഒ ആഫീസിലെത്തി സബ് കളക്ടറെ നേരിൽ കണ്ട് പരാതി നൽകി. തുടർന്നാണ് കൊളുക്കുമലയിൽ സന്ദർശകർക്ക് പ്രവേശനാനുമതി ലഭിച്ചത്.
കർശന നിബന്ധനകൾ
ഒരു വാഹനത്തിൽ 5 പേർ മാത്രം
എല്ലാവരും മാസ്‌ക് ധരിക്കണം
യാത്രികരുടെ കൈവശവും സാനിറ്റൈസർ നിർബന്ധം