വൈക്കം : നഗരസഭയിലെ നാറാണത്ത് പാടശേഖരത്തിൽ ഒരു നെല്ലും ഒരു മീനും പദ്ധതിക്ക് തുടക്കമായി. 36 ഏക്കർ വിസ്തൃതിയുള്ള പാടശേഖരത്തിൽ ഇരുപത് വർഷങ്ങൾക്കു ശേഷമാണ് മീൻകൃഷി ആരംഭിച്ചത്. നാറാണത്തു പാടശേഖരത്തിൽ അര ഏക്കർ മുതൽ നിലമുള്ള52 നിർദ്ധന കർഷകരാണുള്ളത്. പാടശേഖരത്തിലെ മുപ്പത് സെന്റ് സ്ഥലത്ത് മൂന്നു ലക്ഷത്തോളം രൂപ വിനിയോഗിച്ചാണ് കർഷകർ മൽസ്യ കുഞ്ഞുങ്ങളെ വളർത്താൻ കുള മൊരുക്കിയത്. കുളത്തിൽ കട്‌ല, രോഹു, മൃഗാൾ തുടങ്ങിയ കാർപ്പ് മത്സ്യങ്ങളുടെ 42000 കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. പാടശേഖരത്തിലെ കൊയ്ത്തു കഴിഞ്ഞു പാടത്ത് വെള്ളം നിറച്ച ശേഷം നിശ്ചിത വളർച്ചയെത്തിയ മത്സ്യ കുഞ്ഞുങ്ങളെ പാടശേഖരത്തിലേയ്ക്കു നിക്ഷേപിക്കും. മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിനു ഫിഷറീസ് കോ ഓർഡിനേറ്റർ ബീനാ മോൾ, ജനകീയ മത്സ്യകൃഷി പ്രമോർട്ടർമാരായ മിൻസി മാത്യു,മീരാനായർ, അഖിൽ,ലിജോ, പാടശേഖര സമിതി ഭാരവാഹികളായ ഗിരീശൻ, രാമചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.