തൊടുപുഴ: കഴിഞ്ഞ തവണ തൊടുപുഴ നഗരസഭ ഭരിച്ച വൈസ് ചെയർമാൻമാരെല്ലാം ഇത്തവണ മത്സരരംഗത്ത് നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും നാലിൽ മൂന്ന് മുൻ ചെയർപേഴ്സൺമാരും അങ്കത്തട്ടിലുണ്ട്. ഇതിൽ വൈസ് ചെയർമാന്മാർ മൂന്നു പേരും ഭാര്യമാരെ മത്സര രംഗത്തിറക്കിറക്കിയിട്ടുണ്ട്. വടക്കുംമുറിയിൽ നിന്ന് വിജയിച്ച മുസ്ലീംലീഗിലെ സഫിയ ജബ്ബാറായിരുന്നു കഴിഞ്ഞ ഭരണസമിതിയിലെ ആദ്യ ചെയർപേഴ്സൺ. ഇത്തവണ വനിത വാർഡായ ഇവിടെ നിന്നു തന്നെയാണ് സഫിയ വീണ്ടും മത്സരിക്കുന്നത്. നറുക്കെടുപ്പിലൂടെ എൽ.ഡി.എഫിന് അപ്രതീക്ഷിതമായി ലഭിച്ച ഭരണത്തിലൂടെ ചെയർപേഴ്സണായ മിനിമധു സിറ്റിംഗ് സീറ്റായ ഒളമറ്റത്ത് നിന്ന് വീണ്ടും ജനവിധി തേടുന്നുണ്ട്. ആദ്യഘട്ടത്തിൽ ചെയർപേഴ്സൺ സ്ഥാനം നറുക്കെടുപ്പിലൂടെ വഴുതിപ്പോയെങ്കിലും അവിശ്വാസത്തിലൂടെ എൽ.ഡി.എഫിന്റെ ചെയർപേഴ്സണെ പുറത്താക്കി നഗരസഭ അദ്ധ്യക്ഷയായ പ്രൊഫ. ജെസി ആന്റണി സിറ്റിംഗ് വാർഡായ റിവർവ്യു വാർഡിലാണ് ഇത്തവണയും വോട്ട് തേടുന്നത്. പക്ഷേ, ഇത്തവണ ഇടതിനൊപ്പമാണെന്ന് മാത്രം. അവസാന ഘട്ടത്തിൽ ചെയർപേഴ്സണായ കോൺഗ്രസ് പ്രതിനിധി സിസിലി ജോസിന് ഇത്തവണ സീറ്റ് ലഭിച്ചില്ല. ജനറൽ വാർഡായതോടെയാണ് സീറ്റ് നഷ്ടമായത്. വൈസ് ചെയർപേഴ്സണായ ലൂസി ജോസഫിനും സീറ്റ് സംവരണമായതോടെ ഈ ഘട്ടത്തിൽ രംഗത്തു നിന്നും മാറേണ്ടി വന്നു. എന്നാൽ കഴിഞ്ഞ തവണ വൈസ് ചെയർമാൻമാരായ ടി.കെ. സുധാകരൻനായർ, സി.കെ. ജാഫർ, എം.കെ. ഷാഹുൽഹമീദ് എന്നിവർ ഭാര്യമാരെ ഇത്തവണ മൽസരരംഗത്തിറക്കിയിട്ടുണ്ട്.