eee

മഹാവിഷ്‌ണുവിന്റെ മാറിടത്തിൽ പതിഞ്ഞുകിടക്കുന്ന ഒരു കാൽപ്പാദത്തിന്റെ അടയാളമാണ് ശ്രീവത്സം എന്നറിയപ്പെടുന്നത്. ഈ അടയാളം മഹാവിഷ്‌ണുവിന്റെ മാറിടത്തിൽ പതിയാനിടയായ കാരണമാണ് ഈ കഥയിലെ പ്രതിപാദ്യം.ബ്രഹ്മദേവന്റെ ചർമ്മത്തിൽ നിന്നും ജന്മം കൊണ്ട ഒരു മഹർഷി വര്യൻ ആയാണ് ഭൃഗുവിനെ പുരാണങ്ങളിൽ കാണുന്നത്. അതെന്തായാലും ശരി ത്രിമൂർത്തികളോളം പ്രാധാന്യവും ബഹുമാനവും ദേവന്മാരുടെയിടയിലും മഹർഷിമാരുടെയിടയിലും ഭൃഗുവിന് ലഭിച്ചിരുന്നു. മഹാവിഷ്‌ണുവിനെ പോലും ശപിക്കാൻ മാത്രം തപശക്തി ഭൃഗുനേടിയിരുന്നു. ഇങ്ങനെ ഭൃഗു മഹർഷിയുടെ ശാപം മൂലമാണ് മഹാവിഷ്‌ണുവിന് ശ്രീരാമനായി മനുഷ്യാവതാരം സ്വീകരിക്കേണ്ടിവന്നത്.

ഒരിക്കൽ സരസ്വതീനദിയുടെ തീരത്തുവച്ച് കുറെ മഹർഷിമാർ ചേർന്ന് ഒരു യാഗം നടത്താൻ തീരുമാനിച്ചു. യാഗം തുടങ്ങുന്നതിനു മുമ്പായി യാഗത്തിനാവശ്യമായ ചിട്ടവട്ടങ്ങൾ ഒരുക്കുന്നതിനിടയിൽ മഹർഷിമാർക്കിടയിൽ ഒരു തർക്കം ഉത്ഭവിച്ചു. ത്രിമൂർത്തികളിൽ ആരാണ് മഹാത്മൻ എന്നതായിരുന്നു തർക്കവിഷയം. മഹർഷിമാർ മൂന്നായി തിരിഞ്ഞു. ഒരു കൂട്ടർ ബ്രഹ്മാവാണെന്നും രണ്ടാമത്തെ കൂട്ടർ ശിവനാണെന്നും മൂന്നാമത്തെ കൂട്ടർ മഹാവിഷ്‌ണു ആണെന്നും വാദിച്ചു. വാദം മുറുകിയപ്പോൾ ത്രിമൂർത്തികളുടെ സമീപം ഭയമില്ലാതെ അടുത്തു ചെല്ലാൻ കഴിവുള്ള ഒരാളെ തിരഞ്ഞെടുത്ത് അദ്ദേഹം തർക്കം തീർക്കട്ടെ എന്ന ഒരൊത്തുതീർപ്പ് വ്യവസ്ഥയിൽ എത്തിച്ചേർന്നു.

മഹർഷിമാരുടെ കൂട്ടായ ചർച്ചയിൽ ഭൃഗുമഹർഷിക്കു മാത്രമേ ത്രിമൂർത്തികളുടെ മുന്നിൽ ധൈര്യമായി കടന്നുചെല്ലാൻ കഴിയൂ എന്നവർ മനസിലാക്കി. മഹർഷിമാരെല്ലാം കൂടി ഭൃഗുവിനെ സന്ദർശിച്ച് അവരുടെ സംശയനിവൃത്തി വരുത്തണമെന്നപേക്ഷിച്ചു. മഹർഷിമാരുടെ അപേക്ഷ ഭൃഗു സ്വീകരിച്ചു. ഇന്നേക്ക് മൂന്നാം നാൾ തർക്കത്തിന് തീർപ്പു വരുത്താം എന്നറിയിച്ച ഭൃഗു മഹർഷിമാരെ യാത്രയാക്കി.

അടുത്തദിവസം രാവിലെ ഭൃഗു ബ്രഹ്മാവിനെ കാണാനായി മനോവതിയിലേക്ക് പോയി. ബ്രഹ്മവസതിയിൽ ചെന്നപ്പോൾ കുറെ മഹർഷിമാർ ബ്രഹ്മാവിന് ചുറ്റുമിരുന്ന് മന്ത്രങ്ങൾ ഉരുവിടുകയായിരുന്നു. ഭൃഗു ആരോടും ഒന്നും ചോദിക്കാതെ അവിടെ കണ്ട ഉന്നതമായ ഒരു പീഠത്തിൽ കയറി ഇരുപ്പുറപ്പിച്ചു. അനുവാദം കൂടാതെ ഭൃഗു പീഠത്തിൽ കയറിയിരുന്നത് ബ്രഹ്മാവിനെ ചൊടിപ്പിച്ചു. ബ്രഹ്മാവിന്റെ മുഖഭാവം ശ്രദ്ധിച്ച ഭൃഗു വേഗം അവിടെ നിന്നിറങ്ങി യാത്രയായി.

രണ്ടാം ദിവസം ഭൃഗു ശിവനെ കാണാനായി കൈലാസത്തിലെത്തി. ത്രിമൂർത്തികൾക്കുതുല്യം പദവിയുള്ള ഭൃഗുവിനെ കണ്ട ശിവൻ ഓടി വന്നു. ഭൃഗുവിനെ ആലിംഗനം ചെയ്യാനായി അടുത്തുവന്നു. ''ഛീ, എന്നെ തൊട്ടു പോകരുത്." ഓർക്കാപ്പുറത്ത് ഭൃഗുവിന്റെ ആക്രോശം കേട്ട ശിവന് നിയന്ത്രിക്കാനാകാത്ത കോപം ഉണ്ടായി. ശിവൻ ഭൃഗുവിനുനേരെ പ്രയോഗിക്കാനായി തന്റെ ശൂലം കൈയിലെടുത്തു. എന്തോ പന്തികേടു തോന്നിയ പാർവതി ഓടിവന്ന് ശൂലം പിടിച്ചുമാറ്റി ഭൃഗുവിനെ രക്ഷിച്ചു. കിട്ടിയ അവസരം മുതലാക്കി ഭൃഗു കൈലാസത്തിൽ നിന്നും രക്ഷപ്പെട്ടു.

മൂന്നാം നാൾ ഭൃഗു മഹാവിഷ്‌ണുവിനെ കാണാനായി വൈകുണ്ഠത്തിലേക്ക് തിരിച്ചു. അവിടെ എത്തിയപ്പോൾ സൃഷ്‌ടി, സ്ഥിതി, സംഹാര ചുമതലകളിൽ സ്ഥിതി സംരക്ഷകനായ വിഷ്‌ണു കൂർക്കം വലിച്ചു കിടന്നുറങ്ങുന്നതാണ് കണ്ടത്. പ്രപഞ്ചത്തിന്റെ ആകെ സംരക്ഷകനായിരിക്കേണ്ട വിഷ്‌ണു ഒരുത്തരവാദിത്വവുമില്ലാതെ കൂർക്കം വലിച്ചുറങ്ങുന്ന രംഗം കണ്ട ഭൃഗു മറ്റൊന്നും ആലോചിക്കാതെ ഉറങ്ങിക്കിടന്നിരുന്ന വിഷ്‌ണുവിന്റെ നടുനെഞ്ചിൽ ആഞ്ഞൊരു ചവിട്ട് വച്ചുകൊടുത്തു. ചവിട്ടുകൊണ്ട വിഷ്‌ണു ഉറക്കത്തിൽ നിന്നും ചാടിയെണീറ്റപ്പോൾ കാണുന്നത് കോപഭാവത്തിൽ നിൽക്കുന്ന ഭൃഗുമഹർഷിയെയാണ്.

മഹർഷിയെ കണ്ടപാടെ ഓടിവന്ന് കാൽതൊട്ടു വന്ദിച്ചിട്ട് തന്നോട് പൊറുക്കണമെന്നപേക്ഷിച്ചു. മഹർഷിയെ അനാദരിച്ചതിനു പ്രായശ്ചിത്തമായി ഭൃഗുവിന്റെ കാല്പാട് എന്നെന്നും തന്റെ മാറിടത്തിൽ പതിഞ്ഞു കിടക്കണമെന്ന് വിഷ്‌ണു അപേക്ഷിച്ചു. ഭൃഗുവിന്റെ ഈ പാദമുദ്ര ഇന്നും വിഷ്‌ണുവിന്റെ തിരുമാറിൽ ശ്രീവത്സം എന്ന പേരിൽ പതിഞ്ഞു കാണപ്പെടുന്നു. മഹാവിഷ്‌ണുവിന്റെ പ്രതികരണത്തിൽ അത്ഭുതം കൂറിയ ഭൃഗു വിഷ്‌ണുവിനെ ചവിട്ടാനുണ്ടായ സാഹചര്യം വിഷ്‌ണുവിനെ ബോധ്യപ്പെടുത്തി മാപ്പിരന്നു. വിഷ്‌ണു ഒന്നു ചിരിക്കുകമാത്രം ചെയ്‌തു. വിഷ്‌ണുവിന്റെ മാഹാത്മ്യം ശരിക്കും മനസിലാക്കിയ ഭൃഗു വിഷ്‌ണുവിന്റെ അനുഗ്രഹവും വാങ്ങി വൈകുണ്ഠം വിട്ടു.

മഹർഷിമാർ തന്നെയേല്പിച്ച ചുമതല ഭംഗിയായി നിർവഹിച്ച് സംശയരഹിതമായി ത്രിമൂർത്തികളിൽ മാഹാത്മാവ് ആരെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരവുമായി ഭൃഗുമഹർഷിമാരുടെ യാഗസ്ഥലത്തെത്തി. മഹാവിഷ്‌ണുവാണ് ത്രിമൂർത്തികളിൽ ഏറ്റവും യോഗ്യൻ എന്ന വസ്തുത തന്റെ അനുഭവങ്ങളിൽ കൂടി മനസിലാക്കിയത് ഭൃഗു മഹർഷി സഭയിൽ വിവരിച്ചു. മഹർഷിമാരിൽ പലർക്കും ഭൃഗുവിന്റെ വിവരണം വിശ്വസിക്കാനായില്ല. തെളിവിനായി ഭൃഗു മഹാവിഷ്‌ണുവിന്റെ മാറിടത്തിൽ പതിഞ്ഞു കാണുന്ന തന്റെ കാല്പാദത്തിന്റെ അടയാളം കാണുവാൻ പറഞ്ഞു. ദിവ്യലോചനങ്ങളിലൂടെ എല്ലാ മഹർഷിമാർക്കും ശ്രീവത്സം എന്ന പാദമുദ്ര വ്യക്തമായി കാണാൻ കഴിഞ്ഞു. ഭൃഗുവിന്റെ കഴിവിലും ധൈര്യത്തിലും ബുദ്ധിസാമർത്ഥ്യത്തിലും ആദരവ് അർപ്പിച്ച് മഹർഷിമാരെല്ലാം അവരുടെ നന്ദി പ്രകടിപ്പിച്ചു.