a

നല്ല കർഷകർക്ക് സഹായം നൽകുന്നതിനു വേണ്ടിയുള്ള പേരുവിവരങ്ങൾ അടങ്ങിയ ലിസ്റ്റ് കൃഷി ഓഫീസർക്ക് കൊടുത്തിട്ട് അസിസ്റ്റന്റ് സുരഖ പറഞ്ഞു:

''ഇത്തവണ യുവകർഷകർ വളരെ കൂടുതലുണ്ട്. സ്ത്രീകളാണേറെയും.""

തന്റെ കൃഷി ഓഫീസിന്റെ പരിധിയിൽ കർഷകർ കൂടി വന്നതിൽ വിജയൻ സാറിന് അഭിമാനം തോന്നി. തന്റെ ശ്രമം വിജയിക്കുന്നുണ്ട്. വിജയൻസാർ എന്നറിയപ്പെടുന്ന കൃഷി ഓഫീസർ ഒരു സാധാരണ സർക്കാർ ഉദ്യോഗസ്ഥനല്ല. എല്ലാ വീടുകളിലും ചെന്ന് കൃഷിയെക്കുറിച്ച് ബോധവത്ക്കരണം നടത്തി അവരെ പ്രോത്സാഹിപ്പിക്കും. അവരുടെ മനസിൽ, മണ്ണിൽ അദ്ധ്വാനിക്കുന്നവരുടെ സന്തോഷവും വിജയവും അമൃതിന് തുല്യമായി കിട്ടുന്ന ഫലങ്ങളുടെ ലഭ്യതയും തുടങ്ങി നേട്ടങ്ങളുടെ വിശദീകരണങ്ങൾ ഇൻജക്‌ട് ചെയ്യുന്ന ഒരു ഉത്തേജക ഡോക്‌ടർ കൂടിയാണ്.

കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന വിജയൻ സാർ സർക്കാർതലപ്രവർത്തനങ്ങളിലും മാദ്ധ്യമങ്ങളിലെ കാർഷികരംഗങ്ങളിലും മുൻപന്തിയിലുണ്ട്. നാടുചുറ്റലും ഓഫീസ് ജോലികളും കഴിഞ്ഞ് വൈകിയാണ് വീട്ടിലെത്തുന്നത്. ഗേറ്റ് തുറന്ന് കാറ് വീടിനുള്ളിലേക്ക് കടക്കുമ്പോൾ സിറ്റൗട്ടിൽ തന്നെ കാത്ത് ഒരു സ്ത്രീയും അവരുടെ അച്‌ഛനെന്ന് തോന്നിക്കുന്ന പ്രായമായൊരാളും ഇരിക്കുന്നത് കണ്ടു.

വിജയൻ സാറിനെ കണ്ടതും അവർ വിനയത്തോടെയെഴുന്നേറ്റു. പുറത്തേക്ക് വന്ന് ഭാര്യ നളിനി പറഞ്ഞു:

''കുറച്ച് നേരമായി ഇവര് കാണാൻ വന്നിട്ട്.""

''ഇരിക്കൂ...ആരാ എന്താ കാര്യം?""

''ഇതെന്റെ അച്‌ഛനാണ്. ഞങ്ങൾ ഈ പഞ്ചായത്തിലെ പുതിയ താമസക്കാരാണ്. എന്റെ ഭർത്താവ് മരിച്ചുപോയി. ഒരു മോളുണ്ട് നേഴ്സാണ് പാലക്കാട് ഗവൺമെന്റാശുപത്രീല്. നാട് കട്ടപ്പനയായിരുന്നു. ഇവിടെ വന്നിട്ട് ആറുമാസമേ ആയുള്ളൂ.""

നന്നേ പ്രായം ചെന്ന് മുടിയും താടിയും നരച്ച അയാൾക്ക് പ്രായാധിക്യത്താൽ സംസാരിക്കാൻ പ്രയാസമുണ്ടെന്ന് കണ്ടാൽ തോന്നും. പ്രായമുണ്ടെങ്കിലും ഉറച്ച ശരീരത്തിന്റെ ഉടമയായിരുന്നു. തന്നോട് സംസാരിച്ച സ്ത്രീയ്‌ക്ക് നാല്പത്തിയഞ്ച് കഴിഞ്ഞ് കാണും.

''വന്നകാര്യം?""

കൃഷി ഓഫീസർ ആരാഞ്ഞു.

''കട്ടപ്പനയിൽ അച്‌ഛൻ ഒരു നല്ല കൃഷിക്കാരനായിരുന്നു. ജാതിയും കപ്പയും പച്ചക്കറികളും തുടങ്ങി ധാരാളം കൃഷിയുണ്ടായിരുന്നു. മോൾക്കും കൃഷിയോട് ആഗ്രഹമുണ്ടായിരുന്നു. ചില ജൈവമരുന്നുകൾ കൂട്ടിയുണ്ടാക്കുന്നതിൽ അവൾ മിടുക്കിയാണ്.""

അത് പറ‌ഞ്ഞുകൊണ്ട് അവർ ബാഗ് തുറന്ന് ഒരു കുപ്പിയെടുത്ത് നീട്ടി.

''പച്ചക്കറി കൃഷി ധാരാളമുള്ള നാടാണല്ലോ ഇത്. ഇവിടുത്തെ കാലാവസ്ഥയ്ക്കനുസരിച്ചും മണ്ണിന്റെ അമ്ളത്തിന്റെ തോതനുസരിച്ചും ചെടികൾക്കുണ്ടാകുന്ന വളർച്ചയെ ബാധിക്കുന്ന കീടങ്ങളെ പെട്ടെന്ന് ഇല്ലാതാക്കാൻ ഒരു രാസപദാർത്ഥവും ഉപയോഗിക്കാത്ത, പച്ചിലകളും ഗോമൂത്രവും തുടങ്ങിനമ്മുടെ കൺമുന്നിലുള്ള വസ്തുക്കൾ കൊണ്ടുമാത്രം എന്റെ മോള് ഉണ്ടാക്കിയെടുത്ത ജൈവകീടനാശിനിയാണിത്.""

വിടർന്ന കണ്ണുകളോടെ കൃഷി ഓഫീസർ അത് വാങ്ങി നോക്കി.

മകൾ മിടുക്കിയാണല്ലോ അയാൾ മനസിലോർത്തു.

''സാറ് ഇതൊന്ന് പരീക്ഷിച്ചു നോക്കണം. ഞങ്ങൾ വന്നത് ഇതിന് വേണ്ടിയാണ്.""

അവർ തികഞ്ഞ കർഷകർ തന്നെ.

''നിങ്ങളുടെ ഈ ശ്രമം എന്തുകൊണ്ടും അഭിനന്ദനം തന്നെ. ഇതിന്റെ റിസൽട്ട് നോക്കിയിട്ട് പറയാം. നല്ലതാണെങ്കിൽ തീർച്ചയായും മാർക്കറ്റ് കിട്ടും. പേര് പറഞ്ഞില്ല.""

''നീലകണ്ഠൻ.""

പ്രായമായ ആൾ എഴുന്നേറ്റ് പറഞ്ഞു.

''ഇവൾ സീതാലക്ഷ്‌മി, കൊച്ചുമോള് ദേവപ്രിയ. കുറച്ച് കൃഷിയുണ്ട്. വീട്ടിൽ സാർ വീട്ടിലേക്ക് വരണം സമയം കിട്ടുമ്പോൾ."

''തീർച്ചയായും വരാം.""

അച്‌ഛനെ സഹായിക്കാനെന്നോണം സീതാലക്ഷ്‌മി അച്‌ഛന്റെ കൈയ്‌ക്ക് പിടിച്ചാണ് ഇറങ്ങിയത്. അകത്ത് കടക്കുമ്പോൾ വിജയൻ സാർ ആദ്യം ശ്രദ്ധിച്ചത് ടിവിയെ വാർത്തയാണ്. കൊവിഡിന്റെ ഇന്നത്തെ കണക്ക് വിളമ്പുന്നു.രാജ്യത്ത് ദിനം പ്രതി മരിക്കുന്നവരുടെയും രോഗം കൂടുന്നവരുടെയും കണക്കുകൾ ക്രമാതീതമായി വർദ്ധിക്കുന്നു. ഇതുവരെ പ്രതിരോധമരുന്നുകൾ ഒന്നും തന്നെ കണ്ടുപിടിച്ചിട്ടില്ലാത്തതിനാൽ അയാളുടെ ഹൃദയം വല്ലാതെ പിടഞ്ഞു.

രോഗത്തിന്റെ കാര്യത്തിലും മരണനിരക്കിലും രാജ്യം മുൻനിരയിലെത്തിയിരിക്കുന്നു. കേരളം ഭയന്നു തുടങ്ങി.

ഒരു ലക്ഷ്യവുമില്ലാത്ത പ്രഭാതങ്ങൾ. ഉറ്റവരും ഉടയവരും ഉൾപ്പെടെ കുടുംബങ്ങൾ തമ്മിൽ കാണാഞ്ഞ എത്രയോ മനുഷ്യർ നീറിപ്പുകയുന്നു. കോടീശ്വരനും ദരിദ്രനും ഒരേതുലാസിൽ.

''നാളെ തൃശൂർക്കല്ലേ?""

ഭാര്യയുടെ ശബ്ദം ചിന്തയിൽ നിന്നുണർത്തി.

''ഉം. വെളുപ്പിനേ പോകും. മണ്ണൂത്തിയിൽ മീറ്റിംഗുണ്ട്. മിനിസ്റ്ററുണ്ടാകും.""

വീണ്ടും വാർത്തയിലേക്ക് തന്നെ മുഴുകി.

രണ്ടാഴ്‌ച കഴിഞ്ഞപ്പോൾ വിജയൻ സാ‌ർനീലകണ്ഠന്റെ വീട് തിരക്കി അവിടെയെത്തി. സാറിന്റെ വരവ് അവൾക്ക് സന്തോഷം നൽകി. നീലകണ്ഠൻ അപ്പോൾ വീടിന് പിന്നിലെ കൃഷിയിടത്തിലായിരുന്നു. അവിടെയെത്തിയ വിജയൻ സാറിന് മനസ് നിറഞ്ഞ സന്തോഷം. നല്ല വളർച്ചയുള്ള ചെടികളും കായ്‌കളും ഒട്ടും രോഗം ഏശാത്ത ഇലകൾ. ആർക്കും കാഴ്‌ചയ്‌ക്ക് സുഖം ലഭിക്കുന്ന ഒരന്തരീക്ഷമാണ് വീടിന് ചുറ്റും. സീതാലക്ഷ്‌മി കൊടുത്ത ചായ കുടിച്ചിട്ട് വിജയൻ സാർ പറഞ്ഞു:

''ജൈവമരുന്ന് വളരെ നല്ലതാണ്. ഇപ്പോൾ മാർക്കറ്റിൽ കിട്ടുന്നതിനേക്കാളും എന്തുകൊണ്ടും ഗുണമുണ്ട്.""

ഗ്ലാസ് തിരികെ വാങ്ങുമ്പോൾ സീതാലക്ഷ്‌മി പറഞ്ഞു.

''എന്റെ മോള് ദേവപ്രിയയാണ്. ഇതിന്റെയെല്ലാം ഫോർമുല ഉണ്ടാക്കുന്നത്. ലീവിന് വരുമ്പോൾ ഇതുപോലെ എന്തെങ്കിലും കാര്യവുമായി നടക്കും. ആദ്യം തന്നെ പാലക്കാടാണ് നിയമനം കിട്ടിയത്. ആഴ്ചയിൽ വരുന്നതാണ്. ഇപ്പോൾ കൊറോണയായതുകൊണ്ട് വന്നിട്ട് കുറേയായി. രോഗികളെ ശുശ്രൂഷിക്കുന്നതിൽ അവൾക്ക് വലിയ സന്തോഷമാ. ഇവിടെ വരുമ്പോൾ മുഴുവൻ സമയവും കൃഷിയുടെ കൂടെയും. കട്ടപ്പനയിലും അങ്ങനെ തന്നെയായിരുന്നു.""

വിജയൻസാർ എഴുന്നേറ്റു.

''രണ്ട് ബോട്ടിൽ കൂടി എനിക്ക് തരണം. യൂണിവേഴ്സിറ്റിയിൽ ഇത് ഞാൻ പ്രസന്റ് ചെയ്യാം. അവരുടെ അഭിപ്രായം പോസിറ്റീവാണെങ്കിൽ മോൾക്ക് വലിയ അംഗീകാരം കിട്ടും. അടുത്ത വരവിന് എന്തായാലും മോളെ ഒന്ന് കാണണം.""

സീതാലക്ഷ്‌മി രണ്ട് ബോട്ടിൽ പൊതിഞ്ഞ് സാറിന് കൊടുത്തു.

വിജയൻസാർ ഇറങ്ങിയപ്പോൾ സീതാലക്ഷ്‌മി ഉടൻ തന്നെ ദേവപ്രിയയെ വിളിച്ച് വിവരങ്ങൾ പറഞ്ഞു. അടുത്ത മുപ്പതാം തീയതി രണ്ടാഴ്‌ച ലീവിന് വരുമെന്നും ചിലപ്പോൾ ക്വാറന്റൈനിൽ ഇരിക്കേണ്ടിവരുമെന്നും അവൾ പറഞ്ഞു.

''എന്നാലും സാരമില്ലമ്മേ. വിജയൻ സാറുമായി സംസാരിക്കാമല്ലോ.""

ദേവപ്രിയയ്‌ക്ക് സന്തോഷം തോന്നി.

''അമ്മേ നമ്മുടെ ആട് ‌പ്രസവിച്ചോ?""

''ഇല്ല, ഈയാഴ്‌ച ചിലപ്പോൾ പ്രസവിക്കും.""

''ആറുമാസം കൊണ്ട് കായ്‌ക്കുന്ന ഒരു മുരിങ്ങത്തൈ വച്ചിട്ട് എന്തായി അത് കായ്ച്ചോ?""

സീതാലക്ഷ്‌മിക്കറിയാം ഫോൺ ചെയ്താൽ പിന്നെ ഇങ്ങനെ ഓരോന്ന് ചോദിക്കും. പ്രായമായ അവളുടെ അപ്പൂപ്പനെ കുറിച്ച് ഒന്നും ചോദിക്കില്ല. ആടിന്റേം പൂച്ചയുടെയും കാര്യമറിഞ്ഞാൽ മതി.

അതിനും അവൾക്ക് മറുപടിയുണ്ട്.

''അപ്പൂപ്പൻ ജഗജില്ലാടിയല്ലേ? ഇപ്പോഴും ഒരു മുപ്പതുകാരന്റെ ഭാവമാ.""

ചിരിച്ചുകൊണ്ട് ഒടുവിൽ കൃത്യമായി അച്ഛൻ മരുന്ന് കഴിക്കുന്നുണ്ടോയെന്ന് തിരക്കും.

കാലം തെറ്റിയുള്ള ഒരു മഴ അന്ന് രാത്രി പെയ്തു. പ്രഭാതത്തിൽ മണ്ണിലെ നനവിൽ ചവിട്ടി നീലകണ്ഠൻ കൃഷി തുടങ്ങി. മുപ്പതാം തീയതി ലീവിനെത്തുമെന്നറിയിച്ചിരുന്ന ദേവപ്രീയയെ കാണാത്തതിനാൽ സീതാലക്ഷ്‌മി ഫോൺ ചെയ്തുനോക്കി. ഫോൺ അറ്റന്റ് ചെയ്യുന്നില്ല. ഡ്യൂട്ടിയിലായിരിക്കുമെന്ന് കരുതി.

നീലകണ്ഠൻ കൊച്ചുമോളുടെ വരവും കാത്തിരുന്നു. അന്നൊരു വെള്ളിയാഴ്‌ചയായിരുന്നു. ഓഫീസിൽ നിന്നും വീട്ടിൽ വന്ന വിജയൻ സാർ നീലകണ്ഠന്റെ വീട്ടിൽ പോയി ദേവപ്രിയയെ കാണാൻ തീരുമാനിച്ചു. അതിനുവേണ്ടി സമയം കണ്ടെത്തി നേരത്തേയിറങ്ങി. കാറോടിച്ച് നീലകണ്ഠന്റെ വീടിന് സമീപമെത്തിയപ്പോൾ തന്നെ എന്തോ പന്തികേട് മണത്തു. അവിടവിടെ ചിലയാൾക്കാർ കൂട്ടം കൂടി നിൽക്കുന്നു. ആരും പരസ്‌പരം മിണ്ടുന്നില്ല. കാര്യമായ എന്തോ സംഭവിച്ചിട്ടുണ്ട് വീട്ടിലും ആൾക്കാരുണ്ട്. കൊറോണയായിട്ടും സാമൂഹിക അകലം പാലിക്കാതെയാണെങ്കിലും മാസ്‌ക്ക് ധരിച്ചിട്ടുണ്ട് മിക്കവരും.

അകത്തേക്ക് വന്ന കൃഷി ഓഫീസറെ കണ്ട് പരിചിതർ പലരും ബഹുമാനത്തോടെ നോക്കി,കാര്യമറിയാതെ വിജയൻസാർ അമ്പരപ്പോടെ എല്ലാവരെയും നോക്കി വ്യക്തതവന്നില്ലെങ്കിലും അടക്കിപ്പിടിച്ച ആ കാര്യം മടിയോടെ ഒരാൾ പറഞ്ഞു.

''ഇവിടത്തെ പെൺകുട്ടി ആശുപത്രീലെ നേഴ്സാണ്. മരിച്ചുവെന്നൊരു വാർത്തകേട്ടു. കുറച്ച് നേരമേ ആയുള്ളൂ. കൊവിഡാണ്."

സ്‌തബ്‌ധനായി നിന്നുപോയി വിജയൻ സാർ.

സിറ്റൗട്ടിൽ നിശ്ചലനായി ഇരിക്കുന്ന നീലകണ്ഠൻ ചേട്ടൻ. അകത്ത് അലമുറയിട്ടുള്ള കരച്ചിൽ. നീലകണ്ഠന്റെയടുത്തേക്ക് വന്ന വിജയൻസാർ വാതിലിലൂടെ അകത്തെ ടി.വി സ്ക്രീനിൽ വാർത്ത തെളിയുന്നത് കണ്ടു. ഒപ്പം ദേവപ്രിയയുടെ ഫോട്ടോയും.

''ഇരുപത്തിമൂന്ന് വയസുള്ള ദേവപ്രിയയ്‌ക്ക് ശ്വാസകോശസംബന്ധമായ രോഗം ഉണ്ടായിരുന്നു. പ്രതിരോധശേഷി കുറവായിരുന്നതും മരണത്തിന് കാരണമായി. കൊവിഡ് രോഗബാധിതരെ ശുശ്രൂഷിക്കുന്നതിൽ ഒട്ടും ഉദാസീനത കാണിക്കാത്ത ഈ ആരോഗ്യപ്രവർത്തകയുടെ വേർപാട് സഹപ്രവർത്തകർക്ക് തീരാവേദനയായി.""

ഒന്ന് സാന്ത്വനിപ്പിക്കാൻ പോലും വാക്കുകൾ കിട്ടാതെ വിജയൻസാർ തന്റെ കൈയിലിരുന്ന കവറിലേക്ക് നോക്കി. കാർഷികനൈപുണ്യത്തിന്റെ അറിവുകൾ കൈവരിച്ച് ഹരിത വളർച്ചയുടെ സ്വപ്‌നങ്ങൾക്ക് ജൈവിക പ്രതിരോധത്തിന്റെ പൂർണത തെളിയിച്ച ദേവപ്രിയയ്‌ക്ക് കാർഷികഗവേഷണ കേന്ദ്രത്തിന്റെ അനുമോദനകത്തായിരുന്നു അത്.