
നവതി പിന്നിട്ട മലയാള സിനിമയുടെ പിതാവ് ജെ.സി.ഡാനിയേലിന്റെ പ്രതിമ ഇനിയും സ്ഥാപിക്കാൻ കഴിഞ്ഞില്ലെന്നത് ചരിത്രത്തോടുള്ള ഒരു നീതി നിഷേധമായിട്ടെ കാണാൻ കഴിയുകയുള്ളു.ഡാനിയേൽ മരിച്ചിട്ട് നാലരപ്പതിറ്റാണ്ടും അദ്ദേഹം സംവിധാനം ചെയ്ത മലയാളത്തിലെ ആദ്യ സിനിമയായ വിഗതകുമാരൻ പ്രദർശിപ്പിച്ചിട്ട് ഒമ്പതു പതിറ്റാണ്ടിലേറെയുമായി.ജെ.സി.ഡാനിയേലിന്റെ പ്രതിമ തിരുവനന്തപുരത്ത്  സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഇളയമകൻ ഹാരിസ് ഡാനിയേൽ മുഖ്യമന്ത്രിക്കും സാംസ്കാരിക വകുപ്പുമന്ത്രിക്കും നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിൽ നിർമ്മാണം ഉടൻ ആരംഭിക്കുമെന്നാണ് മന്ത്രി എ.കെ.ബാലൻ പ്രതികരിച്ചത്.പ്രതിമ ചിത്രാഞ്ജലി സ്റ്റുഡിയോ സമുച്ചയത്തിൽ സ്ഥാപിക്കുമെന്നാണ് മന്ത്രി അറിയിച്ചത്.നഗരത്തിൽത്തന്നെ വേണമെന്നാണ് കുടുംബത്തിന്റെ താത്പ്പര്യം. ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളാൻ വൈകരുത്. കഴിഞ്ഞവർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾപ്രഖ്യാപിച്ചു.സ്വതന്ത്ര സിനിമകൾക്കും പരീക്ഷണം നടത്തിയവർക്കും ബഹുമതികൾ ലഭിച്ചു. തനിക്കു ലഭിച്ച മികച്ച നടിക്കുള്ള പുരസ്കാരം നടി കനി കുസൃുതി മലയാളത്തിലെ ആദ്യ നായിക പി.കെ.റോസിക്കാണ് സമർപ്പിച്ചതെന്നത് ശ്രദ്ധേയമായി.അവാർഡ് നേടിയ എല്ലാവരേയും ഞങ്ങൾ ഹാർദ്ദമായി അഭിനന്ദിക്കുന്നു.