ഇരുട്ട് പ്രകാശകേന്ദ്രത്തെ സമീപിക്കുംപോലെയായിരുന്നു ഖരന്റെ പരിവാരസമേതമുള്ള വരവ്. പരിസരപ്രദേശമാകെ അതിന്റെ അശുഭസൂചനകൾ കണ്ടുതുടങ്ങി. അവ ദർശിച്ച ശ്രീരാമൻ പുഞ്ചിരിയോടെ ലക്ഷ്മണനെ നോക്കി ഇപ്രകാരം പറഞ്ഞു: പ്രിയ ലക്ഷ്മണ... രാക്ഷസവംശത്തിന്റെ നാശത്തെ സൂചിപ്പിക്കുന്ന ദുർനിമിത്തങ്ങൾ ശ്രദ്ധിച്ചോ, ആകാശത്തിൽ ഭീമാകാരമായ മേഘങ്ങൾ ചോര വർഷിക്കുന്നു. വില്ല് തനിയെ ചലിക്കുന്നു. അസ്ത്രങ്ങൾപുകയും പോലെ. കാട്ടിൽ പാറി നടക്കുന്ന പക്ഷികൾ ആശ്രമസമീപം വന്ന് കൂകുന്നു. നമുക്കു ദോഷം വരുമോ എന്ന ആശങ്ക ഘോരമായൊരു യുദ്ധം ആസന്നമായപോലെ. ശത്രുനാശം ഉറപ്പ്. അനുജാ നിന്റെ സുന്ദരമുഖത്ത് മന്ദഹാസവും ഐശ്വര്യവും കളിയാടുന്നു. അത് ശുഭസൂചനയാണ്. യുദ്ധമടുക്കുമ്പോൾ ആരുടെ മുഖത്താണോ മങ്ങലും വിളർച്ചയും പ്രത്യക്ഷമാകുന്നത് അയാൾക്ക് പരാജയവും മരണവും സംഭവിക്കുമെന്നല്ലേ പ്രമാണം.
അകലെ കേൾക്കുന്നത് അസുരന്മാരുടെ അലർച്ചയല്ലേ. ആപത്തിന്റെ സൂചനയായി പെരുമ്പറയുടെ ശബ്ദവും. ആപൽഘട്ടങ്ങളിൽ വിവേകപൂർവം പെരുമാറണം. വൃക്ഷസമൃദ്ധമായ സ്ഥലത്തുള്ള ഒരു ഗുഹയിൽ സീതയെ സുരക്ഷിതയായി കൊണ്ടുചെന്നാക്കുക. നീ ആയുധധാരിയായി നിൽക്കുക. ഇപ്പോൾ മോശമായതൊന്നും പറയരുത്. ഒട്ടും താമസിക്കാതെ നീ പോകുക. ശക്തനും വീരനും പരാക്രമിയുമായ നിനക്ക് അസുരന്മാരെ നിഗ്രഹിക്കാൻ ഒരു വിഷമവും ഉണ്ടാകില്ല. പക്ഷേ ആർത്തട്ടഹസിച്ചു വരുന്ന രാക്ഷസപ്പടയെ ഞാൻ തന്നെ നേരിട്ടുകൊള്ളാം. മുമ്പെങ്ങും ജ്യേഷ്ഠൻ ഇത്തരത്തിൽ പറഞ്ഞിട്ടില്ല. രാമവാക്യത്തിന്റെ ഗൗരവം മനസിലാക്കി ചാപബാണങ്ങൾ ധരിച്ച് ലക്ഷ്മണൻ സീതയെ ഒരു ഗുഹയിലേക്ക് ആനയിച്ചു. പിന്നെ ദേവിക്ക് കാവലാളായി നിന്നു ആനയിച്ചു. പിന്നെ ദേവിക്ക് കാവലാളായി നിന്നു. താൻ പറഞ്ഞത് ഉൾക്കൊണ്ട് പ്രവർത്തിച്ച ലക്ഷ്മണനെപ്പറ്റിയോർത്ത് ശ്രീരാമൻ അഭിമാനിച്ചു.
രാക്ഷസപ്പടയുടെ നീക്കങ്ങൾ നിരീക്ഷിച്ച ശ്രീരാമൻ അഗ്നിവർണമുള്ള കഞ്ചുകമണിഞ്ഞു. അന്ധകാരത്തിൽ അഗ്നിജ്വലിക്കുംപോലെ വീര്യവും ധീരതയും തിളങ്ങി. വില്ലു കുലച്ചു. ശരമെയ്യാൻ തയ്യാറെടുത്തു.
ശ്രീരാമൻ യുദ്ധസന്നദ്ധനായത് ദർശിക്കാൻ ദേവന്മാരും സിദ്ധന്മാരും ഗന്ധർവന്മാരും ആകാശത്തിൽ അണിനിരന്നു. അവർ അനുഗ്രഹവർഷം തൂകി. ഗോക്കൾക്കും ലോകക്ഷേമം കാംക്ഷിക്കുന്നവർക്കും സർവമംഗളങ്ങളും ഉണ്ടാകട്ടെ. ദുഷ്ടരാക്ഷസന്മാർ പതിനാലായിരം ഒരുഭാഗത്ത്. അവരെ നേരിടാൻ ശ്രീരാമൻ ഒറ്റയ്ക്കും. അതിശയകരമായ യുദ്ധമായിരിക്കും നടക്കാൻ പോകുക. ദേവപ്രമുഖരും ആ കൗതുകക്കാഴ്ച ദർശിക്കാൻ ആകാശതലത്തിലെത്തി. എന്തും സംഭവിക്കാവുന്ന അന്തരീക്ഷം. പെട്ടെന്ന് ശ്രീരാമനിൽ നിന്ന് ഒരു ദിവ്യതേജോവലയം പുറപ്പെട്ടു. ഭൂതഗണങ്ങൾ അതുകണ്ട് പേടിച്ച് വിറച്ചു. ശ്രീരാമന്റെ യുദ്ധസന്നദ്ധതയും തേജസും കണ്ടപ്പോൾ പിനാകം കുലച്ച് നിൽക്കുന്ന മഹാദേവനാണോ എന്ന് സിദ്ധന്മാരും ഗന്ധർവന്മാരും സംശയിച്ചു. അത്ര തേജോമയമായിരുന്നു ശ്രീരാമന്റെ രൂപഭാവങ്ങൾ.
ശത്രുസൈന്യത്തിന്റെ ഓരോ ചലനവും ശ്രീരാമൻ ശ്രദ്ധിച്ചു. അത്യുഗ്രമായ ആയുധധാരികളാണ് ഖരന്റെ സേന. അഹങ്കാരത്തോടെ സ്വന്തം ബലവും യോഗ്യതയും വീമ്പിളക്കുന്നുണ്ട്. ഇടയ്ക്കിടെ ഞാണൊലികൾ മുഴക്കുന്നുണ്ട്. ആർത്തലച്ചും പെരുമ്പറ മുഴക്കിയുമാണ് ദുഷ്ടരാക്ഷസന്മാരുടെ വരവ്. അതുകണ്ട് കാട്ടിലെ മൃഗങ്ങൾ പ്രാണരക്ഷാർത്ഥം ഓടിത്തുടങ്ങി. വായ്ത്താരിമുഴക്കിയും ആയുധമേന്തിയും രാക്ഷസന്മാർ തിരമാലപോലെ ശ്രീരാമന്റെ മുന്നിലേക്ക് പാഞ്ഞുകയറി. അവരെ രൂക്ഷമായി ശ്രീരാമൻ ഒന്നുനോക്കി. രാക്ഷസവംശത്തിന്റെ വിനാശകനും സംഹാരാഗ്നിപോലെ ജ്വലിക്കുന്നവനുമായി നിൽക്കുന്ന രാമന്റെ ഇടത്തേകൈയിൽ കുലച്ച വില്ല്. വലത്തേകൈയിൽ ആവനാഴിയിൽ നിന്നെടുത്തു മൂർച്ചയേറിയ ശരവും. കനൽപോലെ ജ്വലിക്കുന്ന കണ്ണുകൾ. കോപം കൊണ്ട് ജ്വലിക്കുന്ന ശ്രീരാമനെ കണ്ട് വനദേവതമാർ പേടിച്ച് വിറയ്ക്കുകയും ഓടിയൊളിക്കുകയും ചെയ്തു.
മുമ്പ് ദക്ഷപ്രജാപതിയുടെ യാഗം മുടങ്ങിയത് മഹാരുദ്രന്റെ കോപാഗ്നിമൂലമായിരുന്നു. അതേ കോപാഗ്നി വീണ്ടും പഞ്ചവടിയിൽ പ്രത്യക്ഷപ്പെട്ടപോലെ ആകാശത്ത് എല്ലാം കണ്ടുനിൽക്കുന്നദേവന്മാർക്കും ഗന്ധർവന്മാർക്കും തോന്നി. വീണ്ടുമൊരു ദേവാസുരയുദ്ധം ദർശിക്കാമെന്ന കൗതുകത്തിലായിരുന്നു അവർ.
തങ്ങളുടെ നാശമടുത്തുവെന്ന് ചിന്തിക്കാതെ ആവേശഭരിതരായും ആയുധധാരികളായും അടുത്തുകൊണ്ടിരിക്കുകയാണ് ഖരന്റെ വൻപട. ജ്വലിച്ചുനിൽക്കുന്ന സൂര്യന് സമീപമെത്തിയ കാർമേഘജാലം പോലെയായിരുന്നു രാക്ഷസഗമനം.
(ഫോൺ: 9946108220)